ദോഹ: സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ റമദാൻ പുസ്തകമേള വെള്ളിയാഴ്ച ആരംഭിക്കും. സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് പുസ്തകമേള ഒരുക്കിയിരിക്കുന്നത്. മേള ഏപ്രിൽ 16 വരെ നീണ്ടുനിൽക്കും. വായന പ്രോത്സാഹിപ്പിക്കുകയാണ് പുസ്തകമേളയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഖത്തർ സെൻറർ ഫോർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് ട്വീറ്റ് ചെയ്തു. മേഖലയിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ പുസ്തകമേളകളിലൊന്നായ ദോഹ പുസ്തകമേളയോടനുബന്ധിച്ചാണ് റമദാൻ പുസ്തകമേള സംഘടിപ്പിക്കുന്നത്. അറിവ് വർധിപ്പിക്കുന്നതിന് വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താനുള്ള സുവർണാവസരമാണ് റമദാൻ പുസ്തകമേളയെന്ന് ദോഹ ബുക്ഫെയർ ട്വിറ്ററിലൂടെ അറിയിച്ചു.
ഇമാം ബുഖാരി ഹൗസ്, ഖത്തർ റീഡ്സ്, അക്കാസ് സെൻറർ, ഖത്തർ ചാരിറ്റി, ഖത്തർ യൂനിവേഴ്സിറ്റി പ്രസ്, ഖുർആനിക് ബോട്ടണിക് ഗാർഡൻ, വിഷ്വൽ ആർട്സ് സെൻറർ തുടങ്ങി ഖത്തറിൽ നിന്നും 17 സ്റ്റാളുകൾ പുസ്തകമേളയിൽ സാന്നിധ്യം അറിയിക്കും. പ്രഥമ റമദാൻ പുസ്തകമേളയിൽ മലയാള സാന്നിധ്യമായി ഇസ്ലാമിക് പബ്ലിഷിങ് ഹൗസും (ഐ.പി.എച്ച്) ഉണ്ടാകും. ഈയിടെ സമാപിച്ച ദോഹ പുസ്തകമേളയിലും ഏക മലയാള പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഐ.പി.എച്ച് അടുത്തിടെ പുറത്തിറക്കിയ പ്രധാന പുസ്തകങ്ങൾക്കെല്ലാം മേളയിൽ ആവശ്യക്കാരേറെയായിരുന്നു. റമദാൻ പുസ്തകമേളയിൽ ഖുർആൻ, ഹദീസ്, ഇസ്ലാമിക ഗ്രന്ഥങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.കെ. അബ്ദുല്ല സ്മൃതി പുസ്തകത്തിന്റെ പ്രകാശനവും പുസ്തകമേളയിൽ നടക്കും. ഒൺലൈനായി പുസ്തകം ഓർഡർ ചെയ്യാനുള്ള സൗകര്യവും ഇത്തവണ ഐ.പി.എച്ച് സ്റ്റാളിലൊരുക്കിയിട്ടുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ലബനാൻ, സിറിയ, ജോർഡൻ, ഈജിപ്ത്, തുർക്കി, ഇന്ത്യ, ആസ്ട്രേലിയ തുടങ്ങി ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ള 35ഓളം പ്രസാധകരാണ് റമദാൻ പുസ്തകമേളയിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.