സ്കൂ​ളു​ക​ളി​ലെ ഗ​ര​ങ്കാ​​വൂ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​​പ്പൊ​തി​ക​ൾ ന​ൽ​കിയപ്പോൾ

കുട്ടികളുടെ നോമ്പ് ആഘോഷമായി 'ഗരങ്കാവൂ'

ദോഹ: കുട്ടികളുടെ നോമ്പ് ആഘോഷമായ ഗരങ്കാവോയെ വരവേറ്റ് ഖത്തറിലെ പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ള സമൂഹം. കുഞ്ഞു നോമ്പ് നോൽക്കലും വൈകീട്ട് ഇഫ്താറിനുശേഷം, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള മുതിർന്നവരിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്ന 'ഗരങ്കാവൂ' ആഘോഷം റമദാനിൽ കാത്തിരിക്കുന്ന ദിനമാണ്. റമദാൻ 14ന് നോമ്പ് തുറന്നതിനുശേഷം കുട്ടികൾ പുറത്തിറങ്ങുകയും വീടുവീടാന്തരം കയറിയിറങ്ങുന്നതുമാണ് ഈ ആഘോഷം. നോമ്പ് പത്തിലെത്തിയപ്പോൾതന്നെ രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്കിലായിരുന്നു. സൂഖുകൾ മുതൽ സൂപ്പർമാർക്കറ്റുകൾവരെ ഗരങ്കാവൂ സമ്മാനപ്പൊതികളുമായി നേരത്തേ സജ്ജമായി.

മതപരമായ വിശ്വാസത്തിന്‍റെ ഭാഗമല്ലെങ്കിലും സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നോമ്പുനോൽക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഗരങ്കാവൂ ആഘോഷം വർണാഭമാണ്. ആൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ തൗബും ഖഹ്ഫിയ്യയും പെൺകുട്ടികൾ അൽസരിയ്യ് എന്ന വർണവസ്ത്രവും അൽ ബഖ്നഖ് എന്ന പ്രത്യേക തലപ്പാവുമണിഞ്ഞാണ് ആഘോഷത്തെ വരവേൽക്കാറ്.

കുട്ടികൾക്ക് അറബി പൈതൃകവും സംസ്കാരവും ആചാരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് ഗരങ്കാവൂ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 'ഗരങ്കാവൂ, ഗരങ്കാവൂ.. അതൂന അതൂന... അല്ലാഹ് യഅ്തീക്കും' എന്ന വരികൾ താളത്തിൽ പാടിയാണ് ബന്ധുവീടുകളും അയൽവീടുകളും സന്ദർശിക്കാറ്. 'ഞങ്ങൾക്ക് തരൂ, അല്ലാഹു നിങ്ങൾക്ക് തരും...' എന്നാണ് വരികളുടെ അർഥം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ആഘോഷത്തിനും മാറ്റുകൂടും. മിഷൈരിബ് ഡൗൺടൗൺ, എജുക്കേഷൻ സിറ്റി തുടങ്ങിയ കേന്ദ്രങ്ങളിൽ കുട്ടികൾക്കായി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലും ഫാമിലി ദിനത്തിന്‍റെ കൂടി ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നു. മാൾ ഓഫ് ഖത്തറിൽ രാത്രി എട്ടു മുതൽ 11 വരെ കുട്ടികളുടെ പരിപാടികളും അരങ്ങേറും. വിവിധ സ്കൂളുകളിലും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ഗരങ്കാവോയെ വരവേറ്റു.

Tags:    
News Summary - Ramadan Special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.