നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ നോമ്പനുഭവം. ഒമ്പത് വയസ് തികഞ്ഞിട്ടില്ല. അടുത്ത വർഷം മുതൽ നോമ്പെടുത്താൽ മതിയെന്ന് ഉമ്മ പറഞ്ഞുനോക്കി. ഞാൻ സമ്മതിച്ചില്ല. നോമ്പുള്ള ഇക്കാക്കമാർക്കും ഇത്താത്തക്കും തുറക്കുന്ന സമയത്ത് ഉമ്മ നൽകുന്ന പ്രത്യേക പരിഗണന എനിക്കും കിട്ടണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ആദ്യമായി നോമ്പെടുക്കാൻ ഒരുങ്ങിയ ദിവസം. അതിെൻറ ത്രില്ലിലാണ് രാത്രി ഉറങ്ങാൻ കിടന്നത്. അത്താഴത്തിന് എഴുന്നേൽക്കുന്ന കാര്യം ഓർത്ത് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ചെറുതായി ഉറക്കം വന്നുതുടങ്ങിയപ്പോഴാണ് ഉമ്മ വിളിച്ചത്. ചാടി എഴുന്നേറ്റ് പഴവും ചോറും ബീഫ് പൊരിച്ചതും കൂട്ടി മുതിർന്നവരോടൊപ്പം അത്താഴം കഴിച്ചപ്പോൾ ഒത്തിരി വളർന്നുകഴിഞ്ഞുവെന്ന ഗമയിലായിരുന്നു ഞാൻ. ഉമ്മ നവൈത്തു (നോമ്പിെൻറ ഉദ്ദേശപ്രാർത്ഥന) ചൊല്ലിത്തന്നു. സുബ്ഹിക്ക് ശേഷം രാവിലെ 11 മണി വരെ ഉറങ്ങി. എഴുന്നേറ്റപ്പോൾ ദാഹവും വിശപ്പും സഹിക്കാൻ കഴിഞ്ഞില്ല. ഇരുന്നും കിടന്നും ഉച്ച വരെ പിടിച്ചുനിന്നു. ളുഹർ ബാങ്ക് കേട്ട പാടെ വുളു എടുക്കാനായി കിണറിനടുത്തേക്കോടി. വുളു എടുക്കുന്നതിനിടയിൽ കോരിയ വെള്ളം മിക്കവാറും അകത്താക്കി. ആദ്യ നോമ്പ് പകുതി സമയത്ത് തന്നെ തീർന്നത് ഉമ്മാനോട് പറഞ്ഞില്ല. ദാഹം ശമിച്ചെങ്കിലും വിശപ്പ് അസഹനീയം.
തലേദിവസം കിട്ടിയ കടലമിഠായിയുടെ ഒരു കഷ്ണം പുസ്തക സഞ്ചിയിൽ കടലാസിൽ പൊതിഞ്ഞ് വെച്ചതോർമ്മ വന്നു. ആരും കാണാതെ അതെടുത്ത് വീടിെൻറ പിൻഭാഗത്ത് പോയി തിന്നു. വിശപ്പും ദാഹവും കൂടി വന്നെങ്കിലും വൈകുന്നേരം നാല് വരെ ഒരു വിധം ഒപ്പിച്ചു. ഭക്ഷണമൊക്കെ തയ്യാറാക്കി ഉമ്മ അസർ നമസ്കരിക്കാൻ പോയ സമയത്ത് ഞാൻ അടുക്കളയിൽ കയറി. അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് തേങ്ങ പാൽ ഒഴിച്ച് ഉണ്ടാക്കിയ തരിക്കഞ്ഞിയുടെ മണം മൂക്കിലേക്കടിച്ചു കയറി. അത് പതുക്കെ ഗ്ലാസിലേക്ക് ഒഴിച്ച് ആർത്തിയോടെ കുടിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് ഉമ്മ. ഞാൻ ചമ്മിയത് മനസ്സിലാക്കി ഉമ്മ ആശ്വസിപ്പിച്ചു. സാരമില്ല, ഇന്നത്തെ നോമ്പിെൻറ ബാക്കി നാളെ പൂർത്തിയാക്കിയാൽ മതിയെന്ന് പറഞ്ഞു. പൂർത്തിയാക്കാൻ കഴിയാതെ പോയ ആദ്യ നോമ്പിന് ശേഷം ദിവസങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിലാണ് ഒരു നോമ്പ് മുഴുവനായെടുത്തത്. അന്ന് എല്ലാറ്റിനും തൊട്ടും തലോടിയും ശാസിച്ചും ഉമ്മ കൂടെയുണ്ടായിരുന്നു. ആ നോമ്പിന് മാധുര്യം ഏറെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.