ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന പത്താമത് ദോഹ റമദാൻ മീറ്റ് ഏപ്രിൽ 14 വ്യഴാഴ്ച നടക്കും. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും സഹജീവികളുടെ നിലനിൽപിനെ ചോദ്യംചെയ്യുകയും ചെയ്യുന്ന കാലത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഹ്വാനമുയർത്തുന്ന പരിപാടി അൽ അറബി സ്പോർട്സ് ക്ലബിൽ വൈകുന്നേരം നാലിന് ആരംഭിക്കും. ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം നിർവഹിക്കും. സ്നേഹ സംവാദ വേദികളിലെ സാന്നിധ്യവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് മുഖ്യാതിഥിയായിരിക്കും. നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ്സ് ഇന്ത്യ ചെയർമാൻ സുഹൈബ് സി.ടി മുഖ്യപ്രഭാഷണം നിർവഹിക്കും.
ഡി.ഐ.സി.ഐ.ഡി, ഖത്തര്‍ ചാരിറ്റി, സി.ഐ.സി ഖത്തർ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും.
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സ്വാഗതസംഘം ചെയര്‍മാനും സെക്രട്ടറി ഹബീബ് റഹ്മാന് ജനറല്‍ കണ്‍വീനറുമായിരിക്കും. അസിസ്റ്റന്റ് കൺവീനറായി അഹ്മദ് അൻവറിനെയും പി.ആർ ആൻഡ് ഗെസ്റ്റ് വകുപ്പിലേക്ക് കെ.എ. അസ്ലമിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.