ദോഹ: അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് തടയാനും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ദോഹയിൽ ആവശ്യപ്പെട്ടു.
‘പ്രവാസി വോട്ടവകാശം ഇന്നുമൊരു സ്വപ്നമായി തുടരുന്നതിനാൽ, പ്രവാസി സമൂഹത്തെ രാഷ്ട്രീയപാർട്ടികൾ വോട്ടുബാങ്കുകളായി കാണുന്നില്ല. അവരുടെ യാത്രാദുരിതം ഉൾപ്പെടെ ഒരു പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ ഇടപെടുന്നില്ല. ഇന്ത്യയുടെയും വിശേഷിച്ച് കേരളത്തിന്റെയും വികസനത്തിൽ വലിയ സംഭാവന അർപ്പിച്ചവരെ വേണ്ടരീതിയിൽ പരിഗണിക്കുന്നതിൽ ഭരണകൂടങ്ങൾ എന്നും വീഴ്ചവരുത്തുകയാണെന്നും ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വലിയ സാങ്കേതിക വളർച്ചയുണ്ടായ കാലത്തും പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നത് നീതിനിഷേധമാണ്. കോടതി ഇടപെടലുകൾ ഉണ്ടായിട്ടുപോലും പ്രവാസി വോട്ടവകാശം നൽകുന്നതിൽ മുന്നോട്ടുപോകാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
‘വിമാന യാത്ര ടിക്കറ്റിന്റെ മറവിൽ പ്രവാസികൾ കൊള്ളയടിക്കപ്പെടുകയാണ്. കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്ന സീസണുകളിൽ വിമാന കമ്പനികൾ നടത്തുന്നത് പകൽകൊള്ളയാണ്. ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് ‘സീലിങ്’ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണം. ബജറ്റ് എയർലൈൻ എന്ന പേരിൽ സർക്കാറിൽനിന്ന് നിരവധി ആനുകൂല്യങ്ങൾ പറ്റുന്ന വിമാനക്കമ്പനികൾപോലും കൂടുതൽ യാത്രക്കാരുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയെക്കാൾ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്.
ഇത് അവസാനിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള ആലോചന കേന്ദ്ര സർക്കാർ നടത്തുന്നതായ റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇത് പ്രവാസികളെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും തകർക്കും. ഇത്തരം ആലോചനകളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം’ -റസാഖ് പാലേരി പറഞ്ഞു.
പ്രവാസി പ്രശ്നങ്ങളെ അർഹിച്ച ഗൗരവത്തോടെ കാണാൻ കേരള സർക്കാറിന് സാധിച്ചിട്ടില്ല. പ്രവാസി സമ്മേളനങ്ങൾ വിളിച്ചുചേർത്ത് സാമ്പത്തിക ധൂർത്ത് നടത്തുന്നു എന്നല്ലാതെ പ്രവാസി പ്രശ്നങ്ങളെ കാര്യക്ഷമമായി അഡ്രസ് ചെയ്യുന്നതിലും പ്രവാസ ലോകത്ത് മാറിവരുന്ന തൊഴിൽ പ്രതിസന്ധികളെയും തൊഴിൽ നഷ്ടങ്ങളെയും അഭിമുഖീകരിക്കാനും കേരളത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി യൂനിവേഴ്സിറ്റികൾ സ്ഥാപിച്ച്, പ്രവാസി കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് സാധാരണ ഫീസിൽ പഠിക്കാൻ അവസരങ്ങൾ സൃഷ്ടിക്കണം. മെഡിക്കൽ സീറ്റുകളിലും മറ്റുമുള്ള എൻ.ആർ.ഐ ക്വോട്ട എന്ന പേരിലെ കൊള്ള അവസാനിപ്പിക്കണം.
സംസ്ഥാന സർക്കാറിനു കീഴിലുള്ള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതികൾ ഗൾഫ് രാജ്യങ്ങളിലും വ്യാപിപ്പിച്ച് വിദേശ മലയാളികൾക്കും പരിശീലനം നൽകണം -അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ തലത്തിൽ ഫാഷിസ്റ്റ് വിരുദ്ധ ചേരികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും ബി.ജെ.പി-സംഘ്പരിവാർ കൂട്ടിനെ നേരിടാൻ വിശാലമായ മതേതര ചേരി കെട്ടിപ്പടുക്കപ്പെടണമെന്നും റസാഖ് പാലേരി പറഞ്ഞു. തെരഞ്ഞെടുപ്പിന് തലേന്ന് മാത്രം ഉയർന്നുവരേണ്ടതല്ല മതേതര രാഷ്ട്രീയ മുന്നണികൾ.
മൃദു സംഘ്പരിവാർ സമീപനം ഉപേക്ഷിച്ച്, വിഷയങ്ങളിൽ കൃത്യമായ രാഷ്ട്രീയവും ഇരകളെ ചേർത്തുനിർത്തുന്ന നയങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം കാണാൻ കഴിയും. സംഘ്പരിവാറിനെ തോൽപിക്കാനായിരിക്കണം മതേതര ചേരികൾ കൈകോർക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മാത്രം രാഷ്ട്രീയ വിജയമല്ല കർണാടക. ഒരുപാട് ആക്ടിവിസ്റ്റുകളുടെയും ദലിത്-ന്യൂനപക്ഷ, മതേതര കൂട്ടായ്മകളുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ നയിക്കുന്ന ജനകീയ സമരങ്ങളെ ഒരു മതവിഭാഗത്തിന്റേതാക്കി പ്രചരിപ്പിച്ച്, സി.പി.എം തരംപോലെ ഇസ്ലാമോഫോബിയ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഗുണഭോക്താക്കൾ എന്നും സംഘ്പരിവാർ സംഘടനകളാണ്.
സമരത്തെ അതിന്റെ മെറിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വിദ്വേഷത്തെ ആയുധമാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്നും വിശദീകരിച്ചു. മതേതര ചേരി ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നയമായിരിക്കും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വീകരിക്കുകയെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ്, വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, മീഡിയ കൺവീനർ റബീഅ് സമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.