ദോഹ: ആരോഗ്യമേഖലയിലെ വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിൽ ഖത്തർ മുൻപന്തിയിലെത്തിയെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. കഴിഞ്ഞദിവസം സമാപിച്ച മിഡിലീസ്റ്റ് ഹെൽത്ത് കെയർ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഒരു രാജ്യമെന്നനിലയിൽ കോവിഡ് മഹാമാരി പോലുള്ള വെല്ലുവിളികളെ വിജയകരമായി പ്രതിരോധിക്കാനും നേരിടാനും ഖത്തർ സജ്ജമായിരുന്നുവെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 3000ത്തോളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ആരോഗ്യമന്ത്രി പറഞ്ഞു.
ഹമദ് മെഡിക്കൽ കോർപറേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ ഇംപ്രൂവ്മെന്റും സഹകരിച്ച് ആരോഗ്യമേഖലയിലെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച 10ാമത് മിഡിലീസ്റ്റ് ഫോറത്തിലായിരുന്നു രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ മികവിനെ കുറിച്ച് സംസാരിച്ചത്. ‘അസാധാരണ സമയങ്ങളിലെ ആരോഗ്യസംരക്ഷണം’ എന്ന പ്രമേയത്തിലായിരുന്നു രണ്ട് ദിവസം നീണ്ടുനിന്ന ഫോറം നടന്നത്. ആരോഗ്യ സംരക്ഷണ മേഖലയിലെ സുരക്ഷക്കും ഗുണനിലവാരത്തിനും സമർപ്പിച്ചിരിക്കുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ പരിപാടികളിലൊന്നായാണ് ഫോറം കണക്കാക്കപ്പെടുന്നത്.
കോവിഡ് മഹാമാരിയും ലോകമെമ്പാടുമുള്ള നിരവധി പ്രകൃതി, മനുഷ്യനിർമിത ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിനാൽ ഈവർഷത്തെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഡോ. അൽ കുവാരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് വർഷങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ എല്ലാ വശങ്ങളെയും സമ്മർദത്തിലാക്കുകയോ പരീക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അഭൂതപൂർവമായ വെല്ലുവിളികളിലൂടെയും കോവിഡ് മഹാമാരിയിലൂടെയും സംഘടനകൾ എന്ന നിലയിലും വ്യക്തികൾ എന്നനിലയിലും നമ്മൾ എല്ലാവരും സഹിഷ്ണുതയുടെ പ്രാധാന്യം പഠിച്ചു. തുടർന്നുള്ള പുരോഗതിക്കായി അറിയാവുന്നതും അപ്രതീക്ഷിതവുമായ നിരവധി വെല്ലുവിളികളെ നേരിടാൻ കഴിയുന്ന കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കേണ്ടതുണ്ട് -മന്ത്രി പറഞ്ഞു.
2022 ഫിഫ ലോകകപ്പിനായുള്ള ആരോഗ്യ സംരക്ഷണമേഖലയുടെ സംഭാവനകളെയും ഡോ. അൽ കുവാരി സംസാരത്തിനിടെ ചൂണ്ടിക്കാട്ടി. കോവിഡ്, ഫിഫ ലോകകപ്പ് എന്നിവ കാരണം കഴിഞ്ഞ മൂന്ന് വർഷമായി ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമായിരുന്നുവെങ്കിലും രാജ്യത്തെ സമർപ്പിത ആരോഗ്യപ്രവർത്തകരും സംഘങ്ങളും ഈ രണ്ട് ഘട്ടങ്ങളിലും മികവ് പുറത്തെടുത്ത് പുരോഗതി കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി.
ഹമദ് മെഡിക്കൽ കോർപറേഷൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറും ഫോറം സഹ അധ്യക്ഷനുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാലും ഉദ്ഘാടനച്ചടങ്ങിൽ പങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.