ദോഹ: ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിലുള്ള നാല് വർക്കേഴ്സ് ഹെൽത്ത് സെൻററുകൾ ഒരുക്കുന്നത് മികച്ച ആരോഗ്യ പരിരക്ഷ. ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലാണ് റെഡ്ക്രസൻറ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. റിലീജിയസ് കോംപ്ലക്സിനടുത്ത് മിസൈമീർ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽഹിമൈല, ഫരീജ് അബ്ദുൽ അസീസ് ദോഹ, സിക്രീത് എന്നിവിടങ്ങളിലാണ് ഈ ആശുപത്രികൾ. ഇവിടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 1.2 ദശലക്ഷം പേർക്ക് സേവനവും ചികിത്സയും നൽകി. പ്രാദേശിക ദിനപത്രം 'അൽ റായ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അവശ്യമായ ആരോഗ്യ പരിരക്ഷക്ക് പുറമേ, കോവിഡ്-19 സംബന്ധമായ എല്ലാ സേവനങ്ങളും കേന്ദ്രങ്ങളിൽ നൽകുന്നതായി മെഡിക്കൽ അഫയേഴ്സ് സെക്ടർ മേധാവി അബ്ദുൽ സുൽതാൻ അൽ ഖതാൻ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംബന്ധിച്ച് പ്രത്യേക ബോധവത്കരണ പരിപാടികളും ഖത്തർ റെഡ്ക്രസൻറ് നിരന്തരം നടത്തുന്നുണ്ട്. 2010ൽ ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്നുള്ള കരാർ പ്രകാരമാണ് മെഡിക്കൽ രംഗത്ത് ഖത്തർ റെഡ്ക്രസൻറ് പ്രവർത്തിക്കുന്നത്. 2015നും 2020നും ഇടയിൽ നാല് ഹെൽത്ത് സെൻററുകളിലായി സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 2015ൽ 50000 പേരാണ് ഹെൽത്ത് സെൻററുകളിലെത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം 1.2 ദശലക്ഷം പേരാണ് ആരോഗ്യ സേവനങ്ങൾക്കായി ഹെൽത്ത് സെൻററുകളെ സമീപിച്ചത്. തൊഴിലാളികൾക്കുള്ള ജനറൽ മെഡിസിൻ വിഭാഗം എല്ലാ സമയവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കാർഡിയോ വാസ്കുലർ ഡിസീസ്, എൻഡോക്രിനോളജി, പ്രമേഹം, ഇ.എൻ.ടി, ഓഫ്താൽമോളജി, ഡെർമറ്റോളജി എന്നീ സ്പെഷാലിറ്റികളും ഇവിടെ ലഭ്യമാണ്.
റെഡ്ക്രസൻറ് ആശുപത്രികൾ; മികച്ച ചികിത്സ
രാജ്യത്തെ സാധാരണ തൊഴിലാളികൾക്കും ബാച്ചിലേഴ്സിനുമായി ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററുകളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ സംവിധാനങ്ങൾ മാതൃകയാണ്. ഹെൽത്ത് കാർഡുള്ള മുഴുവൻ പുരുഷ പ്രവാസികൾക്കും ഏറ്റവും കുറഞ്ഞ ചെലവിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ റെഡ് ക്രസൻറിെൻറ നാലു ഹെൽത്ത് സെൻററുകൾ ഉപയോഗപ്പെടുത്താം. ഹെൽത്ത് കാർഡും ഖത്തർ ഐ.ഡിയുമുള്ളവർക്ക് ഏത് നേരവും കയറിച്ചെല്ലാം. 24 മണിക്കൂറും ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി വരുന്നവർ നേരിട്ട് ജനറൽ ഡോക്ടറെ കാണണം. ആവശ്യമെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അപ്പോയ്ൻറ്മെൻറ് കിട്ടും. കാർഡിയോളജി (ഹൃദ്രോഗം), ഡെർമറ്റോളജി (ത്വഗ്രോഗം), പൾമനോളജി (ശ്വസനേന്ദ്രിയ വിഭാഗം), ഒഫ്താൽമോളജി (കണ്ണ്), ഓർതോ (അസ്ഥിരോഗം ) എന്നീ സ്പെഷാലിറ്റികൾ രാവിലെയാണ് ഉണ്ടാവുക. വെള്ളിയും ശനിയും ഇല്ല. അടിയന്തര വിഭാഗം 24 മണിക്കൂറും ഉണ്ട്. ജനറൽ മെഡിസിൻ എല്ലാദിവസവും.
സൗജന്യ ചികിത്സ; എന്നിട്ടും ഹെൽത്ത് കാർഡ് എടുക്കാത്തവർ നിരവധി
ഖത്തറിൽ വിദേശികൾക്കടക്കം സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. അപ്പോഴും ഹെൽത്ത് കാർഡിെൻറ പ്രാധാന്യം ഇനിയും തിരിച്ചറിയാത്ത മലയാളികളടക്കമുള്ള നിരവധി പേരുണ്ട്. ജോലി ചെയ്യുന്ന കമ്പനി മുഖേനയോ വ്യക്തിപരമായോ ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നോ പി.എച്ച്.സി.സി, റെഡ് ക്രസൻറ് ഹെൽത്ത് സെൻററുകളിലൂടെയോ ഹെൽത്ത് കാർഡ് സെക്ഷനുകളിൽ നിന്ന് ഹെൽത്ത് കാർഡുകൾ ഏവർക്കും നേടാം. ചെലവ് 100 റിയാൽ മാത്രവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.