ദോഹ: പെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തറിലേക്കും പുറത്തേക്കുമായി അതിർത്തി കടന്ന സന്ദർശകരും യാത്രക്കാരും ഒഴുകിയപ്പോൾ തിരക്ക് കുറക്കുന്നതിൽ നിർണായകമായി അബു സംറ അതിർത്തിയിലെ പ്രീ രജിസ്ട്രേഷൻ സംവിധാനം. അതിർത്തിയിലുള്ള എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും പ്രീ-രജിസ്ട്രേഷൻ സംവിധാനം വഴിയൊരുക്കിയെന്ന് അധികൃതർ. അതിർത്തിയിലെ നടപടികൾ വേഗത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറക്കുന്നതിനും യാത്രക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുകയാണെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി ലാൻഡ് കസ്റ്റംസ് വിഭാഗം മേധാവി അഹ്മദ് യൂസുഫ് അൽ സാഹിൽ പറഞ്ഞു.
അബൂ സംറ ബോർഡർ ക്രോസിങ് കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥിരം സമിതിയുമായി സഹകരിച്ച് അബൂ സംറ അതിർത്തിയിലെ എൻട്രി, എക്സിറ്റ് നടപടികൾ വേഗത്തിലാക്കുന്നതിന് ജി.എ.സി മെട്രാഷ് 2ൽ പ്രീ-രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽ സാഹിൽ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള വാഹനങ്ങൾക്ക് ഇലക്ട്രോണിക് ഇൻഷുറൻസ് സ്കീം സേവനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഓൺലൈൻ സേവനം യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായും അൽ സാഹിൽ പറഞ്ഞു. ഈദ് പോലുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ നടപടികൾ വേഗത്തിലാക്കുന്നതിന് കര, കടൽ, വ്യോമ കവാടങ്ങളിൽ ജി.എ.സി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.എ.സി ചെയർമാൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ജമാലിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും നടപടികൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി പ്രത്യേക സംഘത്തെ നിയമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഖത്തരി പൗരന്മാർക്കും താമസക്കാർക്കും അബൂസംറ അതിർത്തി കടക്കുന്നതിന് മെട്രാഷ് 2ലെ പ്രീ-രജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, മറ്റു പാതകൾ പതിവുപോലെ പ്രവർത്തിക്കും.
മെട്രാഷ് 2 ആപ് ലോഗിൻ ചെയ്ത് ട്രാവൽ സർവിസസ് തിരഞ്ഞെടുത്തതിനുശേഷം അബൂസംറ ബോർഡർ ക്രോസിങ്ങിനായുള്ള ‘പ്രീ രജിസ്ട്രേഷൻ’ ഒപ്ഷൻ തിരഞ്ഞെടുക്കണം. പിന്നീട് വാഹനം, ഡ്രൈവർ, യാത്രക്കാർ എന്നിവരെക്കുറിച്ച വിവരങ്ങൾ നൽകി ഈ സേവനം ആക്സസ് ചെയ്യാൻ സാധിക്കും. അപേക്ഷ സ്ഥിരീകരിക്കുന്നതിനായി ഉപയോക്താവിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മൊബൈൽ സന്ദേശവും ലഭിക്കുന്നതോടെ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. അതേസമയം, അബൂസംറ അതിർത്തിയിലെ നിയുക്ത പാതയിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ നൽകുകയും പ്രീ-രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായെന്ന സ്ഥിരീകരണം ലഭിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.