ദോഹ: ഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുകൊണ്ട് യാത്ര കൂടുതൽ എളുപ്പത്തിലാവുമെന്ന് അധികൃതർ. കോവിഡ് സാഹചര്യത്തിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പോർട്ടലായ 'ഇഹ്തിറാസിൽ' നിലവിൽ നിരവധി പുതിയ സൗകര്യങ്ങളുണ്ടെന്നും എയർപോർട്ട് പാസ്പോർട്സ് വിഭാഗം ഓഫിസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് എളുപ്പത്തിൽ തന്നെ ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്യാം. ഹോട്ടൽ ക്വാറന്റീൻ, പി.സി.ആർ പരിശോധന ഫലം, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സബ്മിറ്റ് ചെയ്ത് അനായാസം രജിസ്റ്റർ ചെയ്യാം. തുടർന്ന് രാജ്യത്തേക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതോടെ യാത്രയും എളുപ്പമാവും -ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു. കുട്ടികൾക്കൊപ്പം യാത്രചെയ്യുന്നവർക്ക് ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വിമാനത്താവളത്തിൽ ക്വാറന്റീൻ സത്യപ്രസ്താവനയിൽ ഒപ്പുവെക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായുള്ള കാത്തുനിൽപും കുറക്കാം. 18ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും റസിഡന്റ്സിനും ഇ-ഗേറ്റ് സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ പൗരന്മാർക്കും റസിഡന്റ്സിനും നിലവിൽ പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം, രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരും പോർട്ടൽ വഴി പ്രീ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ യാത്ര കൂടുതൽ ലളിതവും അനായാസവുമാവുമെന്നും വ്യക്തമാക്കി. സന്ദർശക യാത്രക്കാർക്ക് പ്രീ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്നുദിവസം മുമ്പായെങ്കിലും വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ക്വാറന്റീൻ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ www.ehteraz.gov.qa വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചു. എന്നാൽ, പി.സി.ആർ പരിശോധനഫലം ഇലക്ട്രോണിക് രജിസ്റ്ററിങ് സംവിധാനത്തിൽ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം, പി.സി.ആർ റിപ്പോർട്ടിന്റെ യഥാർഥ പകർപ്പ് കൈവശം കരുതുകയും എയർലൈൻസ് അധികൃതർ ആവശ്യപ്പെടുമ്പോൾ നൽകുകയും ചെയ്താൽ മതിയെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.