ദോഹ: ചൂടുകാലം മാറി, തണുപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ സന്ദർശകരെ സ്വീകരിക്കാനായി പാർക്കുകളും പൂന്തോട്ടങ്ങളും മോടികൂട്ടുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ പാർക്കുകളുയെും പൂന്തോട്ടങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 15ന് ആരംഭിക്കും. ഒരുമാസത്തിനുള്ളിൽ ഇവയെല്ലാം പൂർത്തിയാക്കും.
പുല്ലുകൾ വെട്ടിയും, കേടായ ഭാഗങ്ങളിൽ പുതിയവ വെച്ചുപിടിപ്പിച്ചും മറ്റുമെല്ലാമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ ഘട്ടത്തിൽ പച്ചപ്പണിഞ്ഞ പാർക്കുകൾ, മഞ്ഞ നിറത്തിലാകുമെങ്കിലും ക്രമേണ സാധാരണ പച്ചപ്പിലേക്ക് തിരിച്ചെത്തുമെന്ന് മന്ത്രാലയം എക്സ് അക്കൗണ്ടിൽ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഖത്തറിലെ പാർക്കുകളുടെയും പൊതു ഇടങ്ങളുടെയും എണ്ണത്തിൽ കാര്യമായ വർധനയാണുണ്ടായത്.
2019ൽ പൊതു പാർക്കുകളും ചത്വരങ്ങളും ഉൾപ്പെടെ 113 എണ്ണമായിരുന്നത് 27 ശതമാനം വർധിച്ച് 144 ആയി. ഈ വർഷം 15 പുതിയ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇവയിൽ ചിലത് ഈ വർഷം നേരത്തേ തുറന്നു നൽകി.
മന്ത്രാലയവും മറ്റ് സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണ പദ്ധതികളിലൂടെ രാജ്യത്തുടനീളം 43 ചതരുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പച്ചപ്പണിഞ്ഞ പ്രദേശങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും പാർക്കുകളും വികസിപ്പിക്കുന്നതോടൊപ്പം പുനരുപയോഗവും സുസ്ഥിരതയും എന്നതിലും മന്ത്രാലയം പ്രത്യേകം ഊന്നൽ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ജലസേചനം നടത്തുന്നതിൽ സംസ്കരിച്ച ജലത്തിന്റെ ഉപയോഗം 39 ശതമാനം വർധിച്ചു. 2019 സംസ്കരിച്ച ജലത്തിന്റെ ഉപയോഗം 36 ശതമാനമായിരുന്നെങ്കിൽ 2023ൽ 75 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.