ദോഹ: ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഗവേഷണത്തിൽ അപൂർവ ഇനം വവ്വാലുകളെ കണ്ടെത്തി ശാസ്ത്രസംഘം. ഖത്തർ സർവകലാശാലക്കു കീഴിലെ ജൈവശാസ്ത്ര പരിസ്ഥിതി വിഭാഗത്തിനു കീഴിലായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സർവേ നടന്നത്.
ഈ പഠനത്തിലാണ് അസീലിയ ട്രൈഡെൻസ്, ഓട്ടോക്ടെറിസ് ഹെംപ്രിചി, പിപ്സ്ട്രെലസ് കുലി എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന അപൂർവ ഇനം വവ്വാലുകളുടെ സാന്നിധ്യം ഖത്തറിലും അടയാളപ്പെടുത്തിയത്. സോണോഗ്രാം വിശകലനത്തിലൂടെയാണ് വവ്വാൽ ഇനങ്ങളെ തിരിച്ചറിഞ്ഞത്. ഇവയിൽ അസീലിയ ൈട്രഡെൻസ് വിഭാഗത്തിൽ പെട്ട വവ്വാലുകളെയാണ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
ഖത്തർ യൂനിവേഴ്സിറ്റി ബയോളജിക്കൽ ആൻഡ് എൻവയൺമെൻറൽ സയൻസ് ഫാക്കൽറ്റി ഡോ. നൊബോയുകി യമാഗുചി, എൻവയൺമെൻറൽ സയൻസ് വിദഗ്ധൻ മക്തും അബ്ദുറഹ്മാൻ, വെസ്റ്റേൺ ആസ്ട്രേലിയ സർവകലാശാല മോളിക്യുലർ സയൻസ് സ്കൂളിലെ ഫാക്കൽറ്റി അംഗം ആൻഡ് ഗാർഡ്നർ എന്നിവരുൾപ്പെടുന്ന സംഘമാണ് സർവേ നടത്തിയത്.
ഖത്തറിലെ വവ്വാലുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുക, രാജ്യത്ത് അവയുടെ സാന്നിധ്യം അടയാളപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർവേ സംഘടിപ്പിച്ചത്.
സിങ്ക് ഹോളുകൾ, ഗുഹകൾ, പഴയ കിണറുകൾ, പാലങ്ങൾ, കൃഷിസ്ഥലങ്ങൾ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. സിങ്ക് ഹോളുകളിലും ഗുഹകളിലുമാണ് പ്രധാനമായും വവ്വാലുകളെ കണ്ടെത്തിയത്.
ആറ് സിങ്ക് ഹോളുകളിലും ഗുഹകളിലും സർവേ സംഘം പരിശോധന നടത്തി. ആകെ 56 സ്ഥലങ്ങളിലാണ് വവ്വാലുകൾക്കായി സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.