ദോഹ: നഗരത്തിരക്കിനിടയിൽ പൊതുജനങ്ങൾക്ക് ആശ്വാസമാവാൻ 1.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ദോഹയുടെ ഹൃദയഭാഗത്തായി പച്ചപ്പണിഞ്ഞ് റൗദത്തുൽ ഖൈൽ പാർക്ക് തയാർ. ജോലിത്തിരക്കിനും നഗരജീവിതത്തിനുമിടയിൽ കുടുംബസമേതം വിനോദങ്ങൾക്കായി ഇറങ്ങുന്നവർക്ക് ആശ്വാസമായാണ് രാജ്യത്തെ ഏറ്റവും വലിയ പാർക്കായി മുൻതസയിലെ റൗദത്തുൽ ഖൈൽ പാർക്ക് ഉദ്ഘാടനം നിർവഹിച്ചത്. നടപ്പാത, ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, കുട്ടികൾക്കുള്ള കളിയിടങ്ങൾ, ഫിറ്റ്നസ് ഏരിയ, ബാർബിക്യൂ, പച്ചപ്പുൽത്തകിടുകൾ, മരങ്ങൾ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളോടെയാണ് ദോഹയുടെ ഹൃദയഭാഗത്തായി പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ കൂടി ആകർഷിക്കുന്ന വിധമാണ് പാർക്ക് സജ്ജീകരണം.
1183 മീറ്റർ നീളത്തിലുള്ള നടപ്പാത, 1119 മീറ്റർ നീളത്തിൽ ജോഗിങ് റാക്ക്, 1118 സൈക്ലിങ് പാത, 98000 ചതുരശ്ര മീറ്റർ വിശാലതയിൽ പച്ചപ്പ്, 1600 മരങ്ങൾ, 40 ബൈക് റാക്, ഫിറ്റ്നസ് ഏരിയ, ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവയാണ് വിശാലമായി പരന്നുകിടക്കുന്ന പാർക്കിെൻറ പ്രധാന സവിശേഷതകൾ. ഇതിനുപുറമെ, സന്ദർശകർക്കായി ഏഴ് ഭക്ഷ്യ സ്റ്റാളുകൾ, എട്ട് ബാർബിക്യൂ ഏരിയ, ബെഞ്ച്, ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് പ്രായവിഭാഗങ്ങളാക്കിയും കളിസ്ഥലങ്ങൾ തയാറാക്കിയിട്ടുണ്ട്. രണ്ടു മുതൽ അഞ്ചുവയസ്സുവരെയുള്ളവർക്ക് ഒരുമേഖലയും ആറ്മുതൽ 12 വയസ്സു വരെയുള്ളവർക്ക് മറ്റൊരു മേഖലയുമായാണ് കളിസ്ഥലങ്ങൾ സജ്ജീകരിച്ചത്. ദോഹ മുനിസിപ്പാലിറ്റുകീഴിൽ പൗരന്മാർ, താമസക്കാർ, സന്ദർശകർ, സഞ്ചാരികൾ എന്നിങ്ങനെ എല്ലാവിഭാഗം ആളുകൾക്കും വിനോദങ്ങൾക്കുള്ള സൗകര്യമായാണ് പാർക്കിെൻറ നിർമാണം പൂർത്തിയാക്കിയതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അജ്റാൻ അൽ ബുഐനൻ പറഞ്ഞു.
വലുപ്പംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പാർക്കായി മാറിയ റൗദത്തുൽ ഖൈൽ ഇനി ദോഹയിലെയും നഗരത്തിന് പുറത്തുള്ളവരുടെയും സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറുമെന്ന് പബ്ലിക് പാർക്ക് വിഭാഗം ഡയറക്ടർ എൻജി. മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു. പാർക്കിെൻറ നിർമാണം പൂർത്തിയാക്കിയ അശ്ഗാലിനെയും, റോഡ്- പൊതു സ്ഥലങ്ങളുടെ സൗന്ദര്യവത്കരണ സൂപ്പർവൈസറി കമ്മിറ്റിയെയും അധികൃതർ അഭിനന്ദിച്ചു. ഖത്തറിലെ ഏറ്റവും വലിയ പഴയ പാർക്കുകളിലൊന്നായ റൗദത്തുൽ ഖൈൽ പുതുമോടികളോടെയാണ് സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്.
പതിറ്റാണ്ടിലേറെ കാലമായി നിലനിൽക്കുന്ന മരങ്ങളുമായി ഖത്തറിെൻറ സാംസ്കാരിക പൈതൃകം കൂടി അടയാളപ്പെടുത്തുന്നതാണ് പാർക്ക്. അൽ മുൻതസ, മുശൈരിബ്, ഫെരീജ് അബ്ദുൽ അസീസ്, അൽ സദ്ദ്, അൽ നസ്ർ, സുദാൻ, നജ്മ, മൻസൂറ, അൽ ഹിലാൽ, ഓൾഡ് എയർപോർട്ട്, ന്യൂ സലാത, നുഐജ, ഫെരിജ് അൽ അസിരി, ഉം ഗുവൈലിന, ഫെരിജ് അൽ അലി, ന്യൂദോഹ, ബിൻ മഹ്മൂദ് തുടങ്ങിയ സമീപ മേഖലകളിൽനിന്നുള്ള താമസക്കാർക്ക് കൂടി ഉപയോഗപ്പെടുന്നതാണ് പാർക്ക്. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പാർക്ക് ഉദ്ഘാടനം നിർവഹിച്ചു. അമേരിക്കയിലെ വിൽമിങ്ടൺ മേയർ മൈക് പർസികി, അമേരിക്കൻ പ്രതിനിധി സംഘം, മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥർ, അശ്ഗാൽ, ദോഹ മുനിസിപ്പാലിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മേയർ മൈക് പർസികി വൃക്ഷതൈ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.