സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി സംബന്ധിച്ച്​ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിക്ക്​ വിശദീകരിച്ചുനൽകുന്നു

സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി: 75 ശതമാനവും പൂർത്തിയായി

​ദോഹ: രാജ്യത്തിെൻറ അടിസ്​ഥാന സൗകര്യ വികസനത്തിൽ നിർണായകമാകുന്ന സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി 75 ശതമാനവും പൂർത്തിയായതായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി വ്യക്തമാക്കി. പദ്ധതിയുടെ വിവിധ സ്​റ്റേഷനുകൾ സന്ദർശിച്ച് സബാഹ് അൽ അഹ്മദ് ഇടനാഴിയുടെ നിർമാണ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി, പദ്ധതി സംബന്ധിച്ചും മറ്റും അശ്ഗാൽ അധികൃതരിൽനിന്ന് വിശദീകരണം കേൾക്കുകയും ചെയ്തു.

സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി 75 ശതമാനം പൂർത്തിയാക്കിയിരിക്കുന്നു. ഖത്തറിെൻറ ആധുനിക റോഡ് ശൃംഖലയിലേക്കുള്ള നിർണായക ചുവടുവെപ്പായിരിക്കും ഇതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പദ്ധതിയുടെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും പുരോഗതി വളരെ കൃത്യമായി വീക്ഷിക്കുകയും ചെയ്തു. ഈ പദ്ധതിയിലും മറ്റു പദ്ധതികളിലും പ്രാദേശിക ഉൽപന്നങ്ങളുടെയും ദേശീയ കമ്പനികളുടെയും സാന്നിധ്യം കൂടുതൽ ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി. പ്രധാനമന്ത്രിക്കൊപ്പം അശ്ഗാലിലെ മുതിർന്ന ഉദ്യോഗസ്​ഥരും പദ്ധതിയുമായി ബന്ധപ്പെട്ട എൻജിനീയർമാരും കമ്പനി പ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുത്തു.

ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ ഉംലഖ്ബ ഇൻറർചെയ്ഞ്ച് (ലാൻഡ്മാർക്ക് ഇൻറർചെയ്ഞ്ച്) വരെ നീളുന്ന 25 കിലോമീറ്റർ റോഡ് പദ്ധതിയാണ് സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി. ഖത്തറിലെ ഏറ്റവും വലിയ പാലം (2.6 കിലോമീറ്റർ) ഉൾപ്പെടെ 32 പാലങ്ങൾ, ഒമ്പത് തുരങ്ക പാതകൾ, 1.2 കിലോമീറ്റർ നീളമുള്ള പ്രഥമ കേബിൾ നിർമിത പാലം, 12 അണ്ടർ പാസുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. ഖത്തറിലെ ഏറ്റവും നീളം കൂടിയതും ആഴം കൂടിയതുമായ ഇരുവശത്തേക്കുമുള്ള തുരങ്കപാതയും (2.1 കിലോമീറ്റർ നീളവും 25 മീറ്റർ ആഴവും) ഈ പദ്ധതിയുടെ ഭാഗമാണ്.

ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട സ്​റ്റേഡിയങ്ങളിലേക്കുള്ള പ്രധാന റോഡുകളുമായും സബാഹ് അൽ അഹ്മദ് ഇടനാഴി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.പദ്ധതി പുരോഗതിയെ പ്രശംസിച്ച പ്രധാനമന്ത്രി, പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു. പ്രാദേശിക ഉൽപന്നങ്ങളെയും ദേശീയ കമ്പനികളെയും പദ്ധതിയുടെ ഭാഗമാക്കിയതിൽ അശ്ഗാലിനും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.