ദോഹ: കാൽപന്തിന്റെ കളിത്തൊട്ടിലായ മഡ്രിഡിൽ നിന്നും സാന്റിയാഗോ സാഞ്ചസ് കൊഗേദർ നടത്തം തുടങ്ങിയിരിക്കുന്നു. ലക്ഷ്യം കാൽപന്ത് ലോകത്തിന്റെ പുതിയ ആസ്ഥാനമാകാൻ ഒരുങ്ങുന്ന ഖത്തർ. വിശ്വമേളക്ക് ഖത്തറിന്റെ മണ്ണിൽ പന്തുരുളാൻ ഇനിയും 300ലേറെ ദിനങ്ങൾ ബാക്കിയുണ്ടെങ്കിലും മഡ്രിഡിലെ മറ്റാപിനോനെറ സ്റ്റേഡിയത്തിൽ നിന്നും സാന്റിയാഗോ സാഞ്ചസ് എന്ന സാഹസിക പ്രിയൻ നടത്തം ആരംഭിച്ചു കഴിഞ്ഞു. മഡ്രിഡിലുള്ള ഖത്തറിന്റെ സ്പാനിഷ് എംബസി ആസ്ഥാനത്ത് എത്തി, അംബാസഡർ അബ്ദുല്ലാ ബിൻ ഇബ്രാഹിം അൽ ഹാമറിനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഈ സ്പാനിഷ് സാഹസികൻ ഖത്തറിലേക്കുള്ള യാത്രക്ക് തുടക്കമിട്ടത്.
സ്പാനിഷ് പ്രാദേശിക ക്ലബായ സാൻ സെബാസ്റ്റ്യൻ റെയ്സിന്റെ കളിയിടമായ മറ്റാപിനോനെറ സ്റ്റേഡിയത്തിൽ നിന്നും ശനിയാഴ്ച തന്നെ സാന്റിയാഗോ നടത്തം തുടങ്ങിയതായി പ്രദേശിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഏഴായിരം കിലോമീറ്റർ ദൂരം താണ്ടി 15 രാജ്യങ്ങളും കടന്നുകൊണ്ടാവും 42കാരനായ സാഹസിക പ്രിയന്റെ ലോകകപ്പ് മണ്ണിലേക്കുള്ള സഞ്ചാരം. മഡ്രിഡിലെ സ്പാനിഷ് എംബസിയിലെത്തിയ ചിത്രങ്ങൾ എംബസി അധികൃതർ തന്നെ പുറത്തുവിട്ടു. ഫുട്ബാളിനെ നെഞ്ചിലേറ്റുള്ള റയൽ മഡ്രിഡ് ഫുട്ബാൾ ക്ലബിന്റെ ആരാധകനായ സാന്റിയാഗോക്ക് പിന്നെയിഷ്ടം യാത്രയാണ്.
രണ്ട് ഇഷ്ട വിനോദങ്ങളും ഒന്നായപ്പോൾ, സഞ്ചാരവും ആസ്വാദ്യകരമാക്കി ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ പുറപ്പെട്ടതാണ് ഇദ്ദേഹം. 2019ൽ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാളിന് സൗദി അറേബ്യ വേദിയായപ്പോൾ, മഡ്രിഡിൽ നിന്നും റിയാദിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത ചരിത്രവും സാന്റിയാഗോക്കുണ്ട്.
ലോകകപ്പ് ആരവങ്ങളുടെ വർഷത്തിലേക്ക് ലോകം പതിയെ നടന്നു തുടങ്ങിയപ്പോൾ തന്നെ സാന്റിയാഗോ മഡ്രിഡിൽ നിന്നും ദോഹയിലേക്ക് നടത്തം തുടങ്ങി. മാസങ്ങൾ നീളുന്ന നടത്തത്തിനൊടുവിൽ സാന്റിയാഗോ ഇവിടെയെത്തുമ്പോൾ ഈ മണ്ണും ലോകവും കാൽപന്ത് ഉത്സവത്തിന്റെ ലഹരിയിൽ അമർന്നിട്ടുണ്ടാവും. എന്തായാലും മഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയ സാന്റിയാഗോയെ കാത്തിരിക്കുകയാണ് ഖത്തറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.