ദോഹ: രാജ്യത്തെ വിദേശ സ്കൂളുകളുടെ പാഠ്യപദ്ധതികളും പ്രവർത്തനങ്ങളും ഖത്തറിെൻറ മതവിശ്വാസാചാരങ്ങളുമായി എതിരുനിൽക്കുന്നതും ഹനിക്കുന്നതുമാകരുതെന്ന് ശൂറ കൗൺസിൽ. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതിെൻറ ഭാഗമായി വിദേശ സ്കൂളുകളുടെ പാഠ്യപ്രവർത്തനങ്ങളെ നിരീക്ഷിക്കണമെന്നും ശൂറ കൗൺസിൽ നിർദേശിച്ചു. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദിെൻറ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നമ്മുടെ മത വിശ്വാസങ്ങളുമായി വിദേശ സ്കൂളുകളുടെ വിദ്യാഭ്യാസ പാഠ്യ പ്രവർത്തന രീതികൾ ഒരിക്കലും കലഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി പ്രത്യേകം നിരീക്ഷണം വേണം. വിഡിയോ കോൺഫറൻസ് വഴി ചേർന്ന ശൂറ കൗൺസിൽ യോഗത്തിൽ സമൂഹത്തിലെ സദാചാര, ധാർമിക മൂല്യങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി.
സമൂഹത്തിലെ സദാചാര-ധാർമിക മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഏറെ പ്രാധാന്യത്തോടെ കാണണമെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി അംഗങ്ങൾ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. പ്രശ്നം ശൂറ കൗൺസിലിന് കീഴിലെ ഇൻഫർമേഷൻ ആൻഡ് കൾചറൽ വകുപ്പിലേക്ക് കൈമാറാൻ ശൂറ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ചർച്ച ചെയ്തതിന് ശേഷമാണ് ശൂറ കൗൺസിൽ പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചതും അവ ബന്ധപ്പെട്ട സർക്കാർ ഏജൻസികളിലേക്ക് കൈമാറാൻ തീരുമാനമെടുത്തതും.
മത-ധാർമിക മേഖല, കുടുംബ സാമൂഹിക മേഖല, വിദ്യാഭ്യാസ മേഖല, സാംസ്കാരിക സാമൂഹിക മേഖല എന്നീ നാല് വിഭാഗങ്ങളായാണ് ഇവയെ തിരിച്ചിരിക്കുന്നത്. രാജ്യത്തിെൻറയും പൗരന്മാരുടെയും താൽപര്യങ്ങൾ നിലനിർത്തുന്നതിലും സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മത-ധാർമിക മേഖലക്ക് വലിയ പങ്കുണ്ട്.
സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും കെട്ടുറപ്പുള്ള സമൂഹത്തിെൻറ സംസ്ഥാപനത്തിനും കുടുംബം, സാമൂഹിക അച്ചുതണ്ടിലൂന്നിക്കൊണ്ട് ദേശീയ പദ്ധതി വികസിപ്പിക്കണമെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി.
സാമൂഹിക, കുടുംബ അന്തരീക്ഷത്തെ തകർക്കുകയും പരിക്കേൽപിക്കുകയും ചെയ്യുന്ന ഘടകങ്ങളിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ സദാ നിരീക്ഷണം അനിവാര്യമാണ്. മാതാക്കൾക്ക് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനാവശ്യമായ മുഴുവൻ സമയവും അനുവദിക്കണം. അവരുടെ ജോലി സമയം കുറക്കണം. സാമൂഹികവും ആരോഗ്യകരവുമായ കുടുംബത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് അത് സഹായിക്കുമെന്നും ശൂറ കൗൺസിൽ വിലയിരുത്തി. അതേസമയം, യുവാക്കളെ വിവാഹം കഴിക്കുന്നതിനായി േപ്രാത്സാഹിപ്പിച്ച കൗൺസിൽ, യുവതികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നുവെന്നും ഇതുമൂലം ഉയർന്ന സ്ത്രീധനമെന്ന പ്രയാസത്തെ മറികടക്കാനാകുമെന്നും കൗൺസിൽ വ്യക്തമാക്കി.
കുടുംബത്തിനുള്ളിലെ സൗഹൃദവും പരസ്പര യോജിപ്പും ഉറപ്പുവരുത്തുന്നതിനായി, വിവാഹം കഴിക്കാൻ താൽപര്യമുള്ളവർക്ക് പ്രത്യേക പരിശീലന കോഴ്സുകൾ സംഘടിപ്പിക്കണമെന്നും ശൂറ കൗൺസിൽ നിർദേശിച്ചു. കുടുംബങ്ങളിലെ പ്രായമായവരുടെ പരിരക്ഷയും പ്രത്യേകം ശ്രദ്ധിക്കണം.
സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രാപ്തമാക്കും വിധത്തിലുള്ള നിർബന്ധിത പൊതുവിദ്യാഭ്യാസ രീതി വികസിപ്പിക്കാൻ ശൂറ കൗൺസിൽ ശിപാർശ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.