സ്​കൂൾ തുറക്കൽ: കുട്ടികളെ രക്ഷിതാക്കൾ എത്തിക്കണമെന്ന്​ സ്​കൂൾ; ആശങ്ക

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി രാജ്യത്തെ ഇന്ത്യൻ സ്​കൂളുകളടക്കമുള്ള സ്​കൂളുകൾ സെപ്​റ്റംബർ ഒന്നിന്​ തുറക്കാനിരി​ക്കേ ആശങ്ക മാറാതെ രക്ഷിതാക്കൾ. മിക്ക രക്ഷിതാക്കളും അധ്യയന വർഷത്തിൻെറ ആദ്യ സെമസ്​റ്റർ ഓൺലൈൻ ക്ലാസ്​ മാത്രം മതിയെന്നാണ്​ അഭിപ്രായപ്പെടുന്നത്​. സെപ്റ്റംബർ ഒന്നു മുതൽ സ്​കൂൾ തുറക്കുന്നതിനോട് 85 ശതമാനം രക്ഷിതാക്കൾക്കും താൽപര്യമില്ലെന്ന് ഈയടുത്ത്​ 'പെനിൻസുല' ദിനപത്രം നടത്തിയ ഒാൺലൈൻ സർവേയിൽ രക്ഷിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 15 ശതമാനം രക്ഷിതാക്കൾ മാത്രമാണ് സ്​കൂൾ തുറക്കുന്നതിനോട് യോജിച്ചിരിക്കുന്നത്. ആകെ 34,300 പേരാണ്​ സർവേയിൽ പങ്കെടുത്തത്​.

അതേസമയം, സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ ചില സ്​കൂളുകൾ രക്ഷിതാക്കൾക്ക്​ അറിയിപ്പ്​ നൽകിക്കഴിഞ്ഞു. രക്ഷിതാക്കളെ പ​ങ്കെടുപ്പിച്ചുള്ള വെബിനാറുകളും സ്​കൂൾ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. എന്നാൽ തങ്ങളു​െട ആശങ്കകൾ അറിയിക്കാനുള്ള അവസരം ഇല്ലാതാക്കിയാണ്​ സ്​കൂളുകൾ വെബിനാർ നടത്തിയതെന്ന​ ആക്ഷേപവും ഉയർന്നിട്ടുണ്ട്​. ബിർള സ്​കൂൾ കഴിഞ്ഞ ദിവസം നടത്തിയ വെബിനാറിൽ തങ്ങളു​െട ആശങ്കകൾ അറിയിക്കാനുള്ള അവസരം ഇല്ലാതായതിനെ തുടർന്ന്​ രക്ഷിതാക്കൾ മെയിൽ വഴിയും മറ്റും സ്​കൂൾ അധികൃതർക്ക്​ നിവേദനം നൽകുകയായിരുന്നു ചെയ്​തത്​.

സ്​കൂൾ തുറക്കു​േമ്പാൾ വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെ സ്​കൂളുകളിൽ എത്തിക്കണമെന്ന അറിയിപ്പും ബിർള സ്​കൂൾ നൽകിയെന്ന്​ രക്ഷിതാക്കൾ പറയുന്നു. ഇ​േതാടെ രക്ഷിതാക്കളു​െട ആശങ്ക ഇരട്ടിച്ചു. ചെറിയ വരുമാനമുള്ളവരും ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ ആശങ്കയിലാണ്​. എല്ലാവരും ഉന്നയിക്കുന്ന കാര്യം കുട്ടികളു​െട ആരോഗ്യസുരക്ഷയാണ്​. സ്​കൂൾ ബസുകൾ ഉണ്ടായിരുന്നെങ്കിൽ ഇക്കാര്യത്തിൽ കുറച്ചുകൂടി ആശ്വാസം ഉണ്ടായേനെ എന്നും രക്ഷിതാക്കൾ പറയുന്നു. സ്​കൂൾ അറിയിപ്പിനസുരിച്ച്​ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്​കൂളുകളിൽ എത്തിക്കാൻ കഴിയാത്ത രക്ഷിതാക്കൾക്ക്​ പിന്നീടുള്ള മാർഗം പൊതുടാക്​സികളെ ആശ്രയിക്കുക എന്നതാണ്​. ഇത്​ എത്രത്തോളും സുരക്ഷിതമാണെന്ന ആശങ്കയുമുണ്ട്​. നേരത്തേ ഖത്തറിലടക്കം ടാക്​സി വാഹനയാത്ര വഴി കോവിഡ്​ രോഗം പലർക്കും സ്​ഥിരീകരിച്ചിരുന്നു.

ടാക്​സി കാറുകൾ ആശ്രയിക്കു​േമ്പാഴുള്ള അധിക ചെലവും പലർക്കും ​പ്രയാസകരമാണ്​. ഒന്നിലധികം കുട്ടികൾ ഉള്ളവരും വ്യത്യസ്​ത സ്​കൂളുകളിൽ പഠിക്കുന്നവരും ഉള്ള രക്ഷിതാക്കൾ ഏ​െറ പ്രയാസത്തിലാണ്​. ടാക്​സികൂലി ഇനത്തിൽ വലിയ തുക ഇവർക്ക്​ ചെലവഴിക്കേണ്ടിവരും. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക്​ അതിരാവിലെ ജോലിക്ക്​ പോകേണ്ടതിനാൽ കുട്ടികളെ അതിനു മുമ്പ്​ സ്​കൂളുകളിൽ എത്തിക്കുക എന്നതും പ്രായോഗികമാവില്ല. അതേസമയം ചില സ്​കൂളുകൾ ഓൺലൈൻ ക്ലാസുകൾത​ന്നെ തുടരാനുള്ള തീരുമാനത്തിലാണെന്നും അറിയുന്നു. രക്ഷിതാക്കൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ടെലിഗ്രാം ഗ്രൂപ്പ്​ ഉണ്ടാക്കിയിട്ടുണ്ട്​. ഇതുവഴി അഭിപ്രായങ്ങൾ സമാഹരിച്ച്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്​ തുടർ നിവേദനം നൽകുമെന്നും രക്ഷിതാക്കൾ പറയുന്നു.

സെപ്റ്റംബർ ഒന്നു മുതൽ നടപ്പാക്കുന്ന മിശ്ര പാഠ്യപദ്ധതിയുമായി യോജിക്കാനാകില്ലെന്നും കോവിഡ്–19 പൂർണമായും നിയന്ത്രണ വിധേയമാകും വരെ വിദൂര വിദ്യാഭ്യാസം മാത്രം മതിയെന്നുമാണ്​ രക്ഷിതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ്​ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്​.

പുതിയ അധ്യായന വർഷം ആരംഭിക്കു​​േമ്പാൾ ക്ലാസ്​ റൂം പഠനവും ഒൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള മിശ്ര പാഠ്യ വ്യവസ്​ഥയായിരിക്കും നടപ്പാക്കുക. ഇതു പ്രകാരം ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിലെത്തിയാൽ മതിയാകുമെന്നും മന്ത്രാലയം നരേത്ത അറിയിച്ചിരുന്നു. രാജ്യത്തെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും പ്രീ സ്​കൂളുകൾക്കും ഉന്നത കലാലയങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മന്ത്രാലയം മുന്നോട്ട് വെച്ച ബ്ലെൻഡഡ് ലേണിങ്​ സംവിധാനം പ്രയാസകരമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ചില സ്​കൂളുകളും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, രാജ്യത്തെ സ്​കൂളുകൾ തുറക്കുന്നത്​ നീളാമെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ആഴ്​ച പറഞ്ഞിരുന്നു. ചിലപ്പോൾ നിലവിലുള്ള വിദൂരവിദ്യാഭ്യാസ സ​മ്പ്രദായംതന്നെ തുടരാനും സാധ്യതയുണ്ട്​.

വിദ്യാർഥികൾ സ്​കൂളുകളിലേക്ക് മടങ്ങും മുമ്പ് സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അതിനുശേഷം മാത്രമായിരിക്കും സ്​കൂളുകൾ തുറന്നു പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ്​ രോഗികൾ കൂടാതിരിക്കുക എന്നതിനാണ്​ പ്രഥമ പരിഗണന.ഇതിനനുസരിച്ചായിരിക്കും സ്​കൂൾ തുറക്കുന്നതുമായി ബന്ധ​െപ്പട്ട കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

രക്ഷിതാക്കളുടെയും വിദ്യാർഥികളുമുൾപ്പെടെ എല്ലാവരുടെയും ആരോഗ്യത്തിന്​ മുൻഗണന നൽകും. എല്ലാ സഹാചര്യങ്ങളും പൊതുജനാരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്​. നിർണായകമായ ചിലകാര്യങ്ങളിൽ കൂടിയുണ്ട്​. അത് പൂർത്തിയായാലേ അന്തിമതീരുമാനമുണ്ടാകുകയുള്ളൂവെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കിയിരുന്നു.

ആരോഗ്യപ്രശ്​നങ്ങളുള്ളവർ സ്​കൂളുകളിൽ നേരി​ട്ടെത്തേണ്ട

സ്​കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്​നങ്ങളുള്ള വിദ്യാർഥികൾക്ക്​ ക്ലാസുകളിൽ നേരി​ട്ടെത്തേണ്ട. ഇവർക്ക്​ ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം.വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്​ കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനോട് കൂടി അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്​കൂളിൽ ഹാജരാക്കിയാൽ മാത്രമേ മന്ത്രാലയം നൽകിയ ഇളവ് ലഭിക്കുകയുള്ളൂ. പ്രധാന പരീക്ഷകൾക്കായി ഇവർ സ്​കൂളിൽ നേരിട്ടെത്തുകയും വേണം.

മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള എളുപ്പമാർഗം മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷ‍െൻറയോ പി. എച്ച്.സി.സിയുടെയോ ഹെൽത്ത് കാർഡുള്ള എല്ലാ രോഗികൾക്കും പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റ് സ്വയമേവ ലഭ്യമാകും. പേഷ്യൻറ് പോർട്ടലിൽ രജിസ്​റ്റർ ചെയ്യാത്തവർ സർട്ടിഫിക്കറ്റിനായി ഉടൻ രജിസ്​റ്റർ ചെയ്യണം. രജിസ്​േട്രഷൻ നടപടികൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. ഖത്തർ ഹെൽത്ത് കാർഡുള്ളവർക്കും എച്ച്.എം.സിയിൽ നിന്നോ പി.എച്ച്.സി.സിയിൽനിന്നോ ചികിത്സ ലഭിച്ചവർക്കും ഒാൺലൈൻ അപേക്ഷ ഫോം വഴി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. നടപടികൾ പൂർത്തിയാക്കി ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ഇ–മെയിൽ വഴി അപേക്ഷകനു ലഭിക്കും.

ഹെൽത്ത് കാർഡുള്ള, രജിസ്​റ്റർ ചെയ്ത എല്ലാ രോഗികൾക്കും പി.എച്ച്.സി.സിയുടെ വെബ്സൈറ്റിൽനിന്നുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.ഖത്തർ ഹെൽത്ത് കാർഡുള്ള എന്നാൽ, പി.എച്ച്.സി. സിയുടെയോ എച്ച്.എം.സിയുടെയോ ചികിത്സാസൗകര്യം ലഭിച്ചിട്ടില്ലാത്ത മാറാരോഗമുള്ള വിദ്യാർഥികൾ അവരുടെ ഹെൽത്ത് സെൻററിൽനിന്ന് അപ്പോയിൻറ്മെൻറ് എടുക്കുകയും േക്രാണിക് കണ്ടീഷൻ റെക്കോഡ് ചെയ്യുകയും വേണം.

രോഗികൾക്ക് ഈ സർട്ടിഫിക്കറ്റിനായി ഹെൽത്ത് സെൻററിൽ കൂടിക്കാഴ്ച നടത്തി അപേക്ഷിക്കാം. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് അർധസർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിന് നിശ്ചിത ഫീസ്​ നൽകേണ്ടി വരും. സ്​കൂൾ മെഡിക്കൽ എക്സംപ്ഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് എച്ച്.എം.സി കസ്​റ്റമർ സർവിസ്​ വിഭാഗമായ നസ്​മഅകുമായോ 16060 നമ്പറിലോ പി.എച്ച്.സി.സി കസ്​റ്റമർ കെയർ വിഭാഗമായ ഹയ്യാകുമായോ ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.