ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ സീലൈൻ മെഡിക്കൽ ക്ലിനിക്ക് 2022-23 ക്യാമ്പിങ് സീസണിന് വേണ്ടി വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിച്ചു. സീലൈൻ, ഖോർ അൽ ഉദൈദ് ക്യാമ്പർമാർക്കും സന്ദർശകർക്കും മെഡിക്കൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള സീലൈൻ മെഡിക്കൽ ക്ലിനിക്ക് തുടർച്ചയായ 13ാം വർഷമാണ് ക്യാമ്പിങ് സീസണിലേക്കായി പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ശനിയാഴ്ച വൈകീട്ട് അഞ്ചു വരെയാണ് സീസൺ കാലയളവിൽ ക്ലിനിക്കിന്റെ പ്രവർത്തന സമയം. ക്യാമ്പിങ് സീസൺ ഔദ്യോഗികമായി അവസാനിക്കുന്നതു വരെ എച്ച്.എം.സി സീലൈൻ ക്ലിനിക്കിന്റെ പ്രവർത്തനം തുടരും.
രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സീലൈൻ പ്രദേശത്തെ പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ക്ലിനിക്കിന്റെ പങ്ക് വലുതാണെന്നും ക്ലിനിക്കിനായി ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കണ്ടെത്തിയിരിക്കുന്നതെന്നും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻ ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക്ക് പ്രോജക്ട് മാനേജറുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു. സീലൈൻ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും മറ്റു പങ്കാളികളോടും നന്ദി അറിയിക്കുന്നുവെന്നും അൽ ഖാതിർ പറഞ്ഞു.
സീലൈനിലെ തിരക്കേറിയ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിങ് കേന്ദ്രം, മറ്റു സേവനങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്നാണ് ക്ലിനിക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ ഏറെ സഹായിക്കുന്നു.
ക്യാമ്പിങ് സീസണിലുടനീളം സീലൈൻ, ഖോർ അൽ ഉദൈദ് പ്രദേശങ്ങളിലെ ക്യാമ്പർമാർക്കും സന്ദർശകർക്കും മെഡിക്കൽ, ആംബുലൻസ് സേവനങ്ങൾ ക്ലിനിക്ക് ഉറപ്പുവരുത്തുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനം, വിദൂര സ്ഥലങ്ങളിലെ ക്യാമ്പുകളിൽനിന്നും ക്ലിനിക്കിലേക്ക് രോഗികളെ കൊണ്ടുവരാനുള്ള 4x4 വാഹനങ്ങൾ എന്നിവ ഇവിടെ വിന്യസിക്കുമെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസ് ഇവന്റ് ആൻഡ് എമർജൻസി പ്രിപ്പേഡ്നസ് ഡയറക്ടർ സാലിഹ് അൽ മർരി പറഞ്ഞു. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ആംബുലൻസുകളുടെയും ഫോർവീൽ വാഹനങ്ങളുടെയും എണ്ണം വർധിപ്പിക്കും.
എയർ ആംബുലൻസ് ഹെലികോപ്ടറുകൾ, പാരാമെഡിക്കുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കുകൾ, റാപിഡ് റെസ്പോൺസ് പാരാമെഡിക്കുകൾ, സൂപ്പർവൈസർമാർ, ലെയ്സൺ ഓഫിസർമാർ, ഓപറേഷൻ മാനേജർമാർ എന്നിവരെയും ക്ലിനിക്കിന്റെ ഭാഗമായി വിന്യസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.