ദോഹ: ഖത്തറിൽ കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് സിവിൽ ഡിഫൻസ് ലൈസൻസ് ഉൾപ്പെടെയുള്ള സുരക്ഷ അനുമതിയും അംഗീകാരവും നിർബന്ധമാണെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന കാണികളുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടികൾക്ക് അനുമതി ലഭിക്കുന്നതിനായുള്ള സിവിൽ ഡിഫൻസ്, സുരക്ഷ സംവിധാന ലൈസൻസുകൾ കരസ്ഥമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും മന്ത്രാലയം പുറത്തുവിട്ടു. സുരക്ഷിതമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള വേദികളുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിപാടികൾക്കു മുമ്പായി ബന്ധപ്പെട്ട അധികാരികൾക്കു മുന്നിൽ സമർപ്പിച്ചിരിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം നിർദേശിച്ചു.
അതനുസരിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടലുകൾ, ഹാളുകൾ, ഷോപ്പിങ് മാളുകൾ, ഇൻഡോർ-ഔട്ട്ഡോർ വേദികൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും നടക്കുന്ന പരിപാടികൾക്കും കലാപ്രകടനങ്ങൾക്കും അനുമതി ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും മന്ത്രാലയം വ്യക്തമാക്കി.
പരിപാടികൾ സംഘടിപ്പിക്കുന്നതിന് മന്ത്രാലയത്തിൽ നിന്നുള്ള അവശ്യ ലൈസൻസ് നൽകുന്നതിന് നിർബന്ധിത സുരക്ഷ ലൈസൻസുകൾക്ക് പുറമേ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവക്ക് ഖത്തർ ടൂറിസത്തിൽ നിന്നുള്ള അനുമതികളും ആവശ്യമാണ്.
പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും സുരക്ഷ ഉറപ്പാക്കുകയും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് പരിപാടികൾ നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം ഈ വർഷം ജനുവരി മുതൽ ജൂൺ വരെ സാംസ്കാരിക, കലാ, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഏകദേശം 3000 ലൈസൻസുകളാണ് മന്ത്രാലയം അനുവദിച്ചത്.
പ്രവാസി മലയാളി സംഘടനകളും സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഓരോ വാരാന്ത്യത്തിലും സംഗീത, കലാപരിപാടികൾ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.