ഫലസ്തീന് പിന്തുണയുമായെത്തിയ ആരാധകൻ
ഇന്നത്തെ മത്സരങ്ങൾ
ജോർഡൻ x ദക്ഷിണ കൊറിയ -2.30 pm (അൽ തുമാമ സ്റ്റേഡിയം)
ബഹ്റൈൻ x മലേഷ്യ - 5.30 pm (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
ദോഹ: 41,000ത്തിലേറെ കാണികൾ തിങ്ങിനിറഞ്ഞ അൽ ജനൂബ് സ്റ്റേഡിയത്തിൽ അവരുടെ മനസ്സുനിറക്കുന്ന കളിയുമായി ഫലസ്തീൻ. ഗ്രൂപ് ‘സി’യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ യു.എ.ഇയെ ഒരു ഗോളിന് സമനിലയിൽ പിടിച്ചാണ് ഫലസ്തീൻ നാട്ടുകാർക്കും ഗാലറിയിൽ ആരവം മുഴക്കിയ ആരാധകർക്കും മോഹിപ്പിച്ച ഫലം സമ്മാനിച്ചത്.
ആദ്യ കളിയിൽ ഇറാന് മുന്നിൽ 4-1ന് വൻ തോൽവി വഴങ്ങിയ ഫലസ്തീൻ രണ്ടാം അങ്കത്തിൽ ഉണർന്നുകളിച്ചപ്പോൾ, വിജയം തലനാരിഴ വ്യത്യാസത്തിൽ തെന്നിമാറി. കളിയുടെ 23ാം മിനിറ്റിൽ സുൽത്താൻ ആദിലിന്റെ പവർഹിറ്റ് ഹെഡ്ഡറിലൂടെ യു.എ.ഇയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ, അധികം വൈകുംമുമ്പ് തങ്ങൾക്കനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഫലസ്തീന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 35ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഫലസ്തീന്റെ ഉദെ ദബ്ബാഗിനെ ഇമറാത്ത പ്രതിരോധ താരം ഖലീഫ അൽ ഹമ്മാദി വീഴ്ത്തിയതിന് ലഭിച്ച ശിക്ഷ യു.എ.ഇക്ക് ഇരട്ട പ്രഹരമായി മാറി.
വി.എ.ആർ പരിശോധനക്കൊടുവിൽ ഖലീഫ അൽ ഹമ്മാദിക്ക് ചുവപ്പുകാർഡും ഫലസ്തീന് പെനാൽറ്റിയും വിധിച്ചു. എന്നാൽ, കിക്കെടുത്ത താമിർ സിയാമിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ ഖാലിദ് ഈസ തട്ടിയകറ്റി രക്ഷകനായി. പത്തുപേരിലേക്കു ചുരുങ്ങിയ യു.എ.ഇക്കെതിരെ നേരത്തേ ഗോൾ നേടി കളിപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഫലസ്തീൻ ഒന്നാം പകുതി പിരിഞ്ഞത്. എന്നാൽ, രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ എതിരാളികൾ തളികയിൽ വെച്ചുനീട്ടിയെന്നപോലെ ഫലസ്തീനികൾക്ക് സമനില ഗോൾ സമ്മാനിച്ചു. താമിർ സിയാമിന്റെ അപകടകരമായ ക്രോസ് തട്ടിയകറ്റാനുള്ള യു.എ.ഇ പ്രതിരോധതാരം ബദർ അബ്ദുൽ അസീസിന്റെ ശ്രമം സ്വന്തം വലയിൽതന്നെ പതിച്ചത് ഫലസ്തീന് വിജയം പിറന്നപോലെ ഒരു സമനിലഗോളായി മാറി. പിന്നെയും 40 മിനിറ്റിലേറെ പത്തുപേരുമായി പിടിച്ചുനിന്ന് പൊരുതിയാണ് യു.എ.ഇ തോൽവിഭീഷണി ഒഴിവാക്കിയത്.
ഇന്തോനേഷ്യക്ക് ജയം
ദോഹ: വെള്ളിയാഴ്ച വൈകുന്നേരം അബ്ദുല്ല ബിൻഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്തോനേഷ്യ 1-0ത്തിന് വിയറ്റ്നാമിനെ തോൽപിച്ചു. അസ്നവി ബാഹറാണ് ഇന്തോനേഷ്യയുടെ വിജയഗോൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.