ദോഹ: ആഫ്രിക്കൻരാജ്യമായ സെനഗാളിന്റെ സംസ്കാരവും കൃഷിയും പരിസ്ഥിതിയുമെല്ലാം പരിചയപ്പെടുത്തുന്ന ദോഹ എക്സ്പോ വേദിയിലെ പവിലിയൻ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ രംഗത്തെ സെനഗലിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പവിലിയനിൽ രാജ്യത്ത് നിന്നുള്ള പ്രധാന ഉൽപന്നങ്ങളും സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ പവിലിയൻ ഉദ്ഘാടനച്ചടങ്ങിൽ സെനഗാൾ വാണിജ്യമന്ത്രി അബ്ദുൽ കരീം ഫൊഫാന, എക്സ്പോ ദോഹ കമീഷണർ ജനറൽ അംബാസഡർ ബദർ ബിൻ ഒമർ അൽ ദഫാ, ഖത്തറിലെ സെനഗൽ സ്ഥാനപതി ഡോ. മുഹമ്മദ് ഹബീബോ തുടങ്ങിയ ഉയർന്ന വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ഖത്തറിലും ലോകമെമ്പാടും തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും പാരിസ്ഥിതിക നേട്ടങ്ങളും പ്രചരിപ്പിക്കാനും പ്രദർശിപ്പിക്കാനും എക്സ്പോ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി ഫൊഫാന ചടങ്ങിൽ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി സസ്യങ്ങളാണ് സെനഗൽ പവിലിയനിൽ പ്രദർശിപ്പിക്കുന്നത്.
രാജ്യത്തുനിന്നുമുള്ള തനത് കരകൗശല വസ്തുക്കളും സന്ദർശകർക്കായി സെനഗൽ പവിലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹോർട്ടികൾച്ചർ, കൃഷി, കരകൗശല വസ്തുക്കൾ, എന്നിവയുൾപ്പെടെ 70,000 ടണ്ണിലധികം ഉൽപന്നങ്ങളാണ് സെനഗൽ പവലിയനിൽ അവതരിപ്പിക്കുന്നത്.
70 വർഷത്തിലേറെയായി സെനഗലിലെ ഹോർട്ടികൾച്ചറൽ കളപ്പുരപോലെയുള്ള നിയേയസ് പ്രദേശത്തിന്റെ പരിണാമത്തിന്റെ അവതരണ രൂപേനയാണ് പവിലിയൻ തയാറാക്കിയിരിക്കുന്നത്.
മാർച്ച് വരെ തുടരുന്ന പവിലിയനിൽ സെനഗലുമായി ബന്ധപ്പെട്ട വിവരങ്ങൾ സന്ദർശകർക്ക് കൈമാറുന്നതിന് നിരവധി സ്ഥാപനങ്ങൾ, ഹോർട്ടികൾച്ചറിലുള്ള നിരവധി അസോസിയേഷനുകൾ, സംരംഭകർ, കരകൗശല വിദഗ്ധർ തുടങ്ങിയവർ പവിലിയനിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.