ദോഹ: ഖത്തറിലെ കല, സാഹിത്യം, കായികം മുതൽ സാമൂഹിക സേവനവും വിദ്യാഭ്യാസവും തുടങ്ങി വിവിധ മേഖലകളിൽ മികവു തെളിയിച്ചവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ ഒത്തുചേർന്ന സായാഹ്നം. സമസ്ത മേഖലകളിൽ കൈയൊപ്പുചാർത്തിയവർ ഏതാനും മണിക്കൂറുകൾ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചും പരസ്പരം അറിഞ്ഞും പിന്നിട്ട ഏതാനും മണിക്കൂറുകൾ.
‘ഗൾഫ് മാധ്യമം’ -ഷി ക്യൂ എക്സലൻസ് പുരസ്കാരം 2023ന്റെ ഫൈനൽ റൗണ്ടിൽ ഇടം നേടിയ 27ഓളം പേരുടെ ഒത്തുചേരലായിരുന്നു പ്രതിഭ സംഗമ വേദിയായത്. ഷി ക്യൂ പുരസ്കാരത്തിലേക്കുള്ള യാത്ര അവസാന റൗണ്ടിലെത്തിയപ്പോഴാണ് വിവിധ കാറ്റഗറികളിലെ ഫൈനലിസ്റ്റുകൾ ഒത്തുചേർന്നത്.
ആയിരത്തോളം നാമനിർദേശങ്ങളിൽനിന്ന് വിവിധ വിഭാഗങ്ങളുടെ ഫൈനൽ റൗണ്ടിലെ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ‘ഷി ക്യൂ’ വിജയികൾക്കുള്ള ട്രോഫിയുടെ പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായി ഒത്തുചേർന്നത്.
ചൊവ്വാഴ്ച വൈകീട്ട് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൽ.ടി.സി ഇന്റർനാഷനൽ ജനറൽ മാനേജർ രമേശ് ബുൽചന്ദനി, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, വെൽകെയർ ഫാർമസി ഓപറേഷൻസ് മാനേജർ ഫാറൂഖ്, ഫെഡറൽ ബാങ്ക് ഖത്തർ പ്രതിനിധി ഗോകുൽ, ഹോട് പാക്ക് മാനേജിങ് പാർട്ണർ മുഹമ്മദ് ഹുസൈൻ, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
ഖത്തറിലെ വിവിധ മേഖലകളിൽ മികവുതെളിയിച്ച വനിതകൾക്ക് ആദരമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഷി ക്യൂ എക്സലൻസ്’ അവാർഡ് ചടങ്ങിൽ പങ്കുചേരാൻ കഴിഞ്ഞത് അഭിമാനകരമെന്ന് രമേശ് ബുൽചന്ദനി പറഞ്ഞു. കല, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യ രംഗം തുടങ്ങിയ മേഖലകളിൽ മികവുതെളിയിച്ച്, അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച വനിതകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി രണ്ടാം വർഷവും ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് അഭിമാനകരമെന്ന് അഷ്റഫ് ചിറക്കൽ പറഞ്ഞു. ഖത്തറിലെ സാമൂഹികസേവനം മുതൽ ഏത് മേഖലകളിലും ഇന്ത്യൻ വനിതകളുടെ സാന്നിധ്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളെപ്പോലെ ഫാർമസിയിലും വനിതകളുടെ വർധിച്ചുവരുന്ന സാന്നിധ്യം ശ്രദ്ധേയമാണെന്ന് വെൽകെയർ ഫാർമസി ഓപറേഷൻസ് മാനേജർ ഫാറൂഖ് പറഞ്ഞു. അവർക്കുകൂടിയുള്ള അംഗീകാരത്തിനുള്ള അവസരമാണിതെന്നും എല്ലാ ഫൈനലിസ്റ്റുകൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗോകുൽ, മുഹമ്മദ് ഹുസൈൻ, റഹീം ഓമശ്ശേരി, സാജിദ് ശംസുദ്ദീൻ എന്നിവരും സംസാരിച്ചു. റേഡിയോ സുനോ ആർ.ജെ അഷ്ടമി പരിപാടിയുടെ അവതാരകയായി. ചടങ്ങിൽ ‘ഷി ക്യൂ എക്സ്ലൻസ്’ വിജയികൾക്കുള്ള ട്രോഫിയും സ്പോൺസർമാരും, ഗൾഫ് മാധ്യമം പ്രതിനിധികളും ചേർന്ന് പുറത്തിറക്കി.
വിദ്യാഭ്യാസ മികവിനുള്ള എജു ക്യൂ, പരിസ്ഥിതി മേഖലയിലെ മികവിന് നാച്വർ ക്യൂ, നഴ്സിങ് മേഖലയിലെ കെയർ ക്യൂ, ഫാർമസി മേഖലയിലെ ഫാർമ ക്യൂ, കായിക മേഖലയുമായി ബന്ധപ്പെട്ട് സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യൂ, മെഡിക്കൽ മേഖലയിലെ ഹീൽ ക്യൂ, സാമൂഹിക സേവന മേഖലയിൽ കൈൻഡ് ക്യൂ, സംരംഭകരുമായി ബന്ധപ്പെട്ട് ബിസ് ക്യൂ, കലാ-സാംസ്കാരിക മേഖലയിലെ ഫൈൻ ക്യൂ എന്നീ വ്യക്തിഗത അവാർഡുകളും മികച്ച വനിത സംഘടനക്കുള്ള ‘ഷി ക്യൂ ഇംപാക്ട്’ അവാർഡുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.