ദോഹ: ലയണൽ മെസ്സി ബാഴ്സലോണയോട് യാത്രപറഞ്ഞതും ചാവി ഹെർണാണ്ടസ് ഖത്തറിനോട് യാത്രപറഞ്ഞതുമെല്ലാം ഫുട്ബാൾ ആരാധകരുടെ മനസ്സിൽ തങ്ങുന്ന വൈകാരിക നിമിഷങ്ങളാണ്. കളിക്കാരുടെയും പരിശീലകരുടെയുമെല്ലാം കണ്ണീരുചൊരിയുന്ന യാത്രയയപ്പിെൻറ ഒരുപാട് മുഹൂർത്തങ്ങൾ മനസ്സുകളിൽ മിന്നിമായും. എന്നാൽ, ഒരു കുടുംബമായി കഴിയുന്ന ഒരു ക്ലബിൽനിന്ന് ടീമംഗങ്ങളുടെ കളിയിലും കുസൃതിയിലും തമാശയിലുമെല്ലാം അവരുടെ രക്ഷിതാവിനെയോ കൂട്ടുകാരനെയോപോലെ പങ്കുചേരുന്ന ഒരാളെ യാത്രയാക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണ്. അതൊരു മലയാളി കൂടിയാണെന്നറിയുമ്പോൾ ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന മലയാളത്തിന് ഏറെ പ്രിയപ്പെട്ടതുമാവും.
ഖത്തറിെൻറ ചാമ്പ്യൻ ക്ലബായ അൽ സദ്ദ് എസ്.സി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ അത്തരത്തിൽ ഒന്നായിരുന്നു. ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ടീം നായകൻ കൂടിയായ ഹസൻ ഹൈദോസും സൂപ്പർ താരം അക്രം അഫീഫിയും റോഡ്രിഗോ തബാതയുമെല്ലാം കെട്ടിപ്പിടിച്ച് യാത്രപറയുമ്പോൾ, അരികിലായി സ്പാനിഷുകാരൻ പരിശീലകൻ യാവി ഗാർഷ്യയും സഹപരിശീലകരും ടീം അംഗങ്ങളുമെല്ലാം. അവരെല്ലാം മാറിമാറി പുണരുന്നു. ഇതിനിടയിൽ സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് പരിശീലകൻ ചാവി ഹെർണാണ്ടസിെൻറ സന്ദേശമെത്തി.. മൂസാ ആശംസകൾ... നാട്ടിലേക്ക് മടങ്ങുംമുമ്പ് കാണണം. ആഫ്രിക്കൻ നാഷൻസ് കപ്പിൽ കളിക്കുന്ന അൽജീരിയൻ താരം ബഗ്ദാദ് ബൗനുജക്കും നാട്ടിലേക്ക് മടങ്ങുംമുമ്പേ ഒന്ന് കാണണം.
അൽസദ്ദിെൻറ പരിശീലന മൈതാനിയിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന യാത്രയയപ്പ് ചടങ്ങിെൻറ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ ലോകത്തിെൻറ പലഭാഗത്തായി ചിതറിയ മുൻകാല താരങ്ങളും ആശംസാ സന്ദേശങ്ങളുമായെത്തി. ഇന്ത്യൻ ഇതിഹാസം ഐ.എം. വിജയൻ മൂന്ന് മിനിറ്റ് നീണ്ടുനിന്ന വിഡിയോ സന്ദേശം അയച്ചുനൽകിയാണ് സ്നേഹം പങ്കുവെച്ചത്.
ഇത് കോഴിക്കോട് പയ്യോളിയിലെ അയനിക്കാട് ദേശീയപാതയോരത്തെ പടിഞ്ഞാറെ പുത്തൻപുരയിൽ മൂസ എന്ന അൽസദ്ദ് എസ്.സിയുടെ 'ശൈഖ് മൂസ'. കാൽനൂറ്റാണ്ട് പിന്നിട്ട സേവനകാലാവധിക്കൊടുവിൽ ഖത്തർ ചാമ്പ്യൻ ക്ലബിെൻറ പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് മലയാളിയുടെ അഭിമാനമായി, ഖത്തറിെൻറ സൂപ്പർ താരങ്ങളുടെ പ്രിയങ്കരനായിമാറിയ പി.പി. മൂസ.
15 തവണ ഖത്തർ സ്റ്റാർസ് ലീഗിലും 18 തവണ അമീർ കപ്പിലും രണ്ടുതവണ ഏഷ്യൻ ചാമ്പൻസ്ലീഗും ക്ലബ് ലോകകപ്പിൽ ഒരുതവണ മൂന്നാം സ്ഥാനത്തുമെത്തി ഏഷ്യയിലെ വമ്പൻ ക്ലബുകളിലൊന്നായി മാറിയ അൽ സദ്ദിന് ആരായിരുന്നു പി.പി. മൂസയെന്ന പയ്യോളിക്കാരൻ എന്ന് ചോദിച്ചാൽ ഉത്തരങ്ങൾ പലതുണ്ട്. ക്ലബിെൻറ സ്റ്റാഫ് റെക്കോഡിൽ അദ്ദേഹം കിറ്റ് മാനേജറായിരിക്കാം. പക്ഷേ, ഓരോ കളിക്കാരെൻറയും മനസ്സും കളത്തിലെ മികവും അറിയുന്ന സൂപ്പർ കോച്ചാണ് മൂസാക്ക.
ചിലപ്പോൾ പരാജയത്തിെൻറ വേദനയിൽ പുളയുമ്പോൾ തോളിൽ തട്ടി സമാധാനം ചൊരിയുന്ന മാലാഖയായി മൂസയെത്തും. കൗമാരത്തിെൻറയും യുവത്വത്തിെൻറയും കുസൃതിയിൽ മതിമറക്കുമ്പോൾ അവർക്കൊപ്പം ശാസനയും ഉപദേശവുമായി രക്ഷിതാവായി മാറും. കളിയുടെയും ടൂർണമെന്റുകളുടെയും സമ്മർദങ്ങൾക്കിടയിൽ തമാശകളും വിനോദങ്ങളുമൊരുക്കുന്ന മോട്ടിവേറ്ററായി മാറും... മറ്റുചിലപ്പോൾ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും ടീമിനുമിടയിലെ കണ്ണിയായിമാറും.. അതിനുമപ്പുറം, കളിക്കാരുടെ പരിശീലനം സൂക്ഷ്മമായി വീക്ഷിച്ച് അടുത്ത ദിവസത്തെ മാച്ച് പ്ലേയിങ് ഇലവനിൽ ആരെല്ലാമുണ്ടാവും എന്ന് പ്രവചിക്കുന്ന സൂപ്പർ കോച്ചായും ഈ പയ്യോളി സ്വദേശി മാറും.
താരങ്ങളുടെ പ്രിയങ്കരൻ
1997ലാണ് പ്രവാസത്തിലെ തെൻറ രണ്ടാം ഭാഗ്യ പരീക്ഷണവുമായി മൂസ ഖത്തറിലേക്ക് വിമാനം കയറുന്നത്. 15 വർഷംനീണ്ട ബഹ്റൈൻ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങിയതിനു ശേഷമായിരുന്നു രണ്ടാം പ്രവാസം. ഒരു ബന്ധുവഴി ഖത്തറിൽ അൽസദ്ദ് എസ്.സിയുടെ സ്വിമ്മിങ് പൂൾ മാനേജറായി തുടക്കംകുറിച്ചു. അറബിയും ഇംഗ്ലീഷും ഹിന്ദിയും മണിമണിപോലെ സംസാരിക്കാനുള്ള കഴിവായിരുന്നു ജോലിയിൽ മുതൽക്കൂട്ടായത്. ചുരുങ്ങിയ നാൾകൊണ്ട് മൂസ കളിക്കാർക്ക് പ്രിയപ്പെട്ടവനായി മാറി. അങ്ങനെ, ടീം അംഗങ്ങളുടെ അഭ്യർഥന പരിഗണിച്ച് ഫസ്റ്റ് ടീമിെൻറ സ്റ്റാഫ് അംഗമായി നിയമിക്കുകയായിരുന്നു.
പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ലെന്ന് പോയകാലത്തെ ഓർത്തുകൊണ്ട് മൂസാക്ക പറയുന്നു. ഡ്രസിങ് റൂമിൽ കളിക്കാരെത്തും മുമ്പേ വസ്ത്രങ്ങൾ ഒരുക്കുക, അവരുടെ സൈസ് അറിഞ്ഞ് ബൂട്ടും ജഴ്സിയും തയാറാക്കിയും കളിക്കളത്തിന് പുറമെയുള്ള ആവശ്യങ്ങൾ നിർവഹിച്ചുമെല്ലാം മൂസ ഒപ്പം നടന്നു. കളിക്കാരനും കോച്ചുമായി നീണ്ട ഏഴുവർഷം ചാവി അൽസദ്ദിെൻറ ഭാഗമായപ്പോൾ സ്പാനിഷ് ഇതിഹാസവുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചു മൂസ. മറ്റൊരു സ്പാനിഷ് താരം റൗളുമായും ആത്മബന്ധം നിലനിർത്തി. എട്ടാം വയസ്സിൽ ഹസൻ ഹൈദോസ് ക്ലബിലെത്തിയ കാലംമുതൽ അവന് താങ്ങും തണലുമായി നിന്ന മൂസ, ഇന്ന് ഖത്തറിെൻറ ദേശീയ ഹീറോയായി മാറിയ ഹൈദോസിന് പിതൃതുല്യനാണ്.
'അവർ നൽകുന്ന സ്നേഹം കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇനിയുള്ള കാലം കുടംബത്തിനൊപ്പം നാട്ടിൽ കഴിയണമെന്ന ആഗ്രഹത്തിലാണ് മടങ്ങുന്നത്. വിരമിക്കാനുള്ള തീരുമാനം അറിയിച്ചപ്പോഴും കളിക്കാരും കോച്ചും മാനേജ്മെന്റും നിരുത്സാഹപ്പെടുത്തി. ജനുവരി 31ന് ഖത്തർ സ്റ്റാർസ് ലീഗിലെ മത്സരം കൂടി കഴിഞ്ഞിട്ടു മടങ്ങിയാൽ മതിയെന്നാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരിയിൽ നാട്ടിലേക്ക് മടങ്ങും' -മൂസ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഫാത്തിമയാണ് ഭാര്യ. പയ്യോളിയിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ സുഫാദ്, സൂൽഫത്ത്, സുഫൈജ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.