ദോഹ: ഏതു നിർമാണത്തിലും സ്വന്തമായൊരു അടയാളപ്പെടുത്തലാണ് ഖത്തറിന്റെ സവിശേഷത. കെട്ടിടങ്ങളുടെ രൂപകൽപന മുതൽ പൊതു കലാസൃഷ്ടികളിൽ വരെ ഈ സ്വതഃസിദ്ധമായൊരു കൈയൊപ്പ് കാണാം. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി കഴിഞ്ഞ ദിവസം സമൂഹമാധ്യമ പേജിൽ പങ്കുവെച്ച ചിത്രം അത്തരത്തിലെ കാഴ്ചകളുടെ സാക്ഷ്യമാണ്. രാവിലെയും വൈകുന്നേരങ്ങളിലുമായി വെയിലിനെ വകവെക്കാതെ ഖത്തറിന്റെ ഒഴിഞ്ഞ മൈതാനങ്ങളിൽ ബാറ്റും ബാളും സ്റ്റംപുമായി ക്രിക്കറ്റിൽ മുഴുകിയ ആയിരങ്ങൾക്കൊരു തണൽ.
ഖത്തർ മ്യൂസിയംസിന്റെ ഓപൺ എയർ മ്യൂസിയം എന്ന കാഴ്ചപ്പാടിൽ മനോഹരമായ പബ്ലിക് ആർട്ട് ഇൻസ്റ്റലേഷൻ ചിലയിടങ്ങളിൽ സ്ഥാപിക്കുമ്പോൾ ഈ വെയിലിലും തളരാതെ ക്രിക്കറ്റ് കളിക്കുന്ന പ്രവാസികളും ചിന്തയിലുണ്ടായിരുന്നു. കളിക്കിടയിൽ വിശ്രമിക്കാനും മറ്റുമായി ഒരു തണൽ എന്ന നിലയിലാണ് മാർകോ ബ്രൂണോയും മൈകൽ പെറോണും രൂപകൽപന ചെയ്ത ‘ഷെൽട്ടേഴ്സ്’ സ്ഥാപിച്ചത്. കലയും സ്പോർട്സും ഒന്നാവുന്ന പൊതു കലാസൃഷ്ടികൾ ഖത്തറിലെ പലയിടങ്ങളിലും കാണുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ശൈഖ അൽ മയാസ കഴിഞ്ഞ ദിവസം ചിത്രങ്ങൾ പങ്കുവെച്ചത്.
ഫുട്ബാൾ, ക്രിക്കറ്റ് ഗ്രൗണ്ടിനോടു ചേർന്ന് കളിക്കാർ വിശ്രമിക്കുന്ന ഡഗ് ഔട്ടുകളുടെ മനോഹരമായൊരു വേറിട്ട മാതൃക തന്നെ ഗ്രൗണ്ടുകളിൽ സൃഷ്ടിച്ചിരിക്കുന്നു. പിങ്കും നീലയും മഞ്ഞയും നിറങ്ങളിലായി മൈതാനങ്ങളുടെ ഓരത്തും പ്രവാസികൾ ക്രിക്കറ്റ് കളിക്കുന്ന ബൗണ്ടറി ലൈനിനു വെളിയിലുമായി സ്ഥാപിച്ച ‘ഷെൽട്ടർ’ പൊതു കലാസൃഷ്ടിയുടെ സുന്ദരമാതൃകയായി. ക്രിക്കറ്റ് ബാറ്റും പിടിച്ച്, ഒരുപിടി താരങ്ങൾ വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങൾ ശൈഖ അൽ മയാസ പങ്കുവെച്ചു. ഖത്തറിലെ താമസക്കാരായ ഇന്ത്യ, പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ഉൾപ്പെടെ ഏഷ്യൻ കമ്യൂണിറ്റിക്കിടയിൽ സജീവമായ കായികയിനമാണ് ക്രിക്കറ്റ് എന്നും അവർ പോസ്റ്റിൽ വിശദീകരിക്കുന്നു.
ഖത്തറിലെ കമ്യൂണിറ്റികളുടെ ജീവിതത്തെ സമ്പന്നമാക്കുന്ന കൂടുതൽ ക്രിയാത്മകമായ ഡിസൈനുകളും കലകളും കാണാൻ ആഗ്രഹിക്കുന്നുവെന്നും അവർ കുറിച്ചു. ലുസൈലിലാണ് മാർകോ ബ്രൂണോയും മൈകൽ പെറോണും രൂപകൽപന ചെയ്ത ഷെൽട്ടറുകൾ സ്ഥാപിച്ചത്. കൂറ്റൻ കെട്ടിട നിർമാണ സൈറ്റുകൾക്കും ക്രിക്കറ്റ് മൈതാനങ്ങൾക്കും അരികിലായാണ് ഇവ സജ്ജമാക്കിയത്. സിന്തറ്റിക് മെഷും ഇരുമ്പ് പൈപ്പുകളുമായി നിർമിച്ച ഷെൽട്ടറിൽ മരത്തിൽ തീർത്ത ബെഞ്ചുകളും കാണാം.
വാരാന്ത്യ ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ മേഖലകളിലെ പുലർകാല കാഴ്ചകളിൽ ഒന്നാണ് വിവിധ രാജ്യക്കാരായ പ്രവാസികളാൽ സജീവമാകുന്ന ക്രിക്കറ്റ് മത്സരങ്ങൾ. പതിവ് ടീമുകളും ടൂർണമെന്റുകളും മുതൽ മികച്ച ക്ലബ് ലെവലിൽ വരെ ക്രിക്കറ്റ് സജീവമാണ്. ആർക്കിടെക്ടും അധ്യാപകനുമായ മാർകോ ബ്രൂണോയും ഖത്തറിലെ വെർജിന കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സ് പ്രഫസറായ മൈകൽ പെറോണുമാണ് ഷെൽട്ടറിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.