ഖത്തർ വിദേശകാര്യ സഹമന്ത്രിയുടെ ട്വീറ്റ്

ശിറിൻ അബു ആഖില വധം; അപലപിച്ച് ഖത്തർ

ദോഹ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ അൽജസീറ ചാനലിന്‍റെ മുതിർന്ന മാധ്യമപ്രവർത്തക ശിറിൻ അബു ആഖില കൊല്ലപ്പെട്ട സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. ഇസ്രായേൽ സ്പോൺസർ ചെയ്യുന്ന ഭരണകൂട ഭീകരതയുടെ തെളിവാണ് മാധ്യമപ്രവർത്തകയുടെ വധം. ഉപാധികളില്ലാതെ ഇസ്രായേലിന് ലോകരാജ്യങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമത്തെ, ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരങ്ങൾ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തിനും മേലുള്ള കടന്നുകയറ്റവുമാണ് ശിറിൻ അബു ആഖിലയുടെ വധമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീനികൾക്കും, മാധ്യമ പ്രവർത്തകർക്കുമെതിരായ അക്രമങ്ങൾ തടയാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. പ്രസ് ജാക്കറ്റ് ധരിച്ച് സംഘർഷ മേഖലയിൽ ജോലിചെയ്ത മാധ്യമപ്രവർത്തകയാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഖത്തർ വിദേശകാര്യസഹമന്ത്രി ലുൽവ റാഷിദ് അൽഖാതിർ ട്വീറ്റ് ചെയ്തു. 'ദുർഘടമായ സാഹചര്യങ്ങളിലും ഫലസ്തീനികളുടെ ശബ്ദമായിരുന്നു ശിറിൻ. അവരുടെ വേർപാടിൽ കടുത്ത ദുഃഖവും അനുശോചനവും അറിയിക്കുന്നു' -ഖത്തർ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.


Tags:    
News Summary - Shirin Abu Akhila murder; Condemned Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.