ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തശേഷം, സ്പീക്കപ് ഫൈനലിന് മാത്രമായി യാത്ര മാറ്റിവെച്ചാണ് സ്നേഹ ടോം വെള്ളിയാഴ്ച മത്സരവേദിയിലെത്തിയത്. ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്മ ജയ്മോൾ കഴിഞ്ഞയാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങിയപ്പോൾ മകളുടെ എല്ലാ ഉത്തരവാദിത്തവും തൻെറ സഹോദരിയായ ഷെർലിയെ ഏൽപിക്കുകയായിരുന്നു. രണ്ട് ഇനങ്ങളിൽ ഫൈനലിൽ എത്തിയതിനാൽ സ്നേഹയും മത്സരം കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങാം എന്ന തീരുമാനത്തിലായിരുന്നു. അതൊന്നും വെറുതെ ആയില്ല. സ്പീക്കപ് ഖത്തറിൻെറ ഗ്രാൻഡ്ഫൈനലിന് സമാപനം കുറിച്ചേപ്പാൾ താരമായത് ഈ കൊച്ചു മിടുക്കിയാണ്. പങ്കെടുത്ത രണ്ട് ഇനങ്ങളിലും അവൾ നേട്ടം കൊയ്തു. സീനിയർ വിഭാഗം ഇംഗ്ലീഷിൽ ഒന്നാമതും മലയാളത്തിൽ രണ്ടാം സ്ഥാനവും നേടി.
ടിക്കറ്റ് റദ്ദാക്കി ഇവിടെ തങ്ങിയത് വെറുതെയായില്ല എന്ന ഇരട്ടി സന്തോഷത്തിലാണ് ഇന്ന് സ്നേഹ നാട്ടിലേക്ക് മടങ്ങുന്നത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി. എറണാകുളം അങ്കമാലിക്കടുത്ത് മലയാറ്റൂരിലാണ് വീട്. നേരത്തെ ദോഹയിലുണ്ടായിരുന്ന പിതാവ് ടോമി തെക്കാനത്ത് നാട്ടിൽ ബിസിനസ് ചെയ്യുകയാണിപ്പോൾ. ശാന്തിനികേതൻ സ്കൂളിൽ അധ്യാപികയായ അമ്മയുടെ സഹോദരി െഷർലിക്കും ഭർത്താവ് ഡേവിസ് ഇടശ്ശേരിക്കും ഒപ്പമാണ് സ്നേഹ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.