ദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ സൂഖ് വാഖിഫിൽ ആരംഭിച്ച പ്രഥമ റമദാൻ പുസ്തകമേള, വിഭവങ്ങൾകൊണ്ടും സന്ദർശകരുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാംസ്കാരിക വകുപ്പുമന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ച പുസ്തകമേള നിരവധി പേരാണ് ഇതിനകം സന്ദർശിച്ചത്. ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിന്‍റെ പടിഞ്ഞാറുഭാഗത്താണ് റമദാൻ പുസ്തകമേളക്ക് വേദിയൊരുക്കിയിരിക്കുന്നത്.
രാത്രി എട്ടു മുതൽ 12 വരെ തുടരുന്ന മേളയിൽ പ്രവൃത്തിദിനങ്ങളിലും നിരവധി കുടുംബങ്ങളാണ് സന്ദർശകരായെത്തുന്നത്. ഖത്തർ സാംസ്കാരിക മന്ത്രാലയം, ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഖത്തർ ചാരിറ്റി, ഖത്തർ ഫൗണ്ടേഷെൻറ ഭാഗമായ ഖത്തർ റീഡ്സ്, ഖുർആൻ ബൊട്ടാണിക് ഗാർഡൻ തുടങ്ങിയ പ്രധാന പവിലിയനുകളും ഖത്തറുൾപ്പെടെ പത്തോളം രാജ്യങ്ങളിൽനിന്നുള്ള 35 പ്രസാധകരുടെ പവിലിയനുകളും മേളയിലുണ്ട്.
സ്വദേശികളിലും വിദേശികളിലും വിജ്ഞാനം വർധിപ്പിക്കുന്നതിനും വായനശീലം വളർത്തുന്നതിനും വിശുദ്ധമാസത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സുവർണാവസരമാണ് മേളയെന്ന് ദോഹ ബുക് ഫെയർ നേരേത്ത അറിയിച്ചിരുന്നു.
റമദാൻ പുസ്തകമേളയിലെ കുട്ടികളുടെ തിയറ്ററിലും രാത്രിയിൽ തിരക്കേറെയാണ്. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളിൽ തിയറ്റർ ഹൗസ് ഫുൾ ആയിരുന്നു. അൽ ജിസ്റ തിയറ്റർ അവതരിപ്പിക്കുന്ന പാവനാടകമാണ് കുട്ടികളുടെ തിയറ്ററിലെ മുഖ്യ ആകർഷണം. എല്ലാ ദിവസവും രാത്രി 9.15ന് പ്രദർശനം ആരംഭിക്കും. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും പുസ്തകമേളയിലെത്തുന്നവർക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട്. പാവനാടക പ്രദർശനം കുട്ടികൾ ഏറെ ആസ്വദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. തിയറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ചൂടും തണുപ്പും അധികമില്ലാത്ത സന്തുലിതമായ കാലാവസ്ഥയും പുസ്തകമേളയിലെ സന്ദർശകരുടെ വരവിൽ വലിയ ഘടകമാകുന്നുണ്ട്.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമദാനിൽ പാരായണം ചെയ്യുന്നതിന് ഖുർആൻ സ്വന്തമാക്കുന്നതിനായും ഔഖാഫ് മന്ത്രാലയത്തിന്‍റെ പവിലിയൻ സന്ദർശിക്കുന്നു. സൗജന്യമായാണ് ഇവിടെ ഖുർആൻ വിതരണം.
ഇന്ത്യയിൽ നിന്നുള്ള ഏക പവിലിയനായ മലയാളത്തിലെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് സ്റ്റാളിലും സന്ദർശകരായി നിരവധി മലയാളികളെത്തുന്നുണ്ട്. സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ ഖുർആൻഭാഷ്യം, തഫ്ഹീമുൽ ഖുർആൻ, ടി.കെ. ഉബൈദ് രചിച്ച ഖുർആൻ ബോധനം, ഖുർആൻ ലളിതസാരം തുടങ്ങിയ ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കർമശാസ്ത്ര ഗ്രന്ഥങ്ങൾക്കും പ്രവാചകന്മാരുടെയും സ്വഹാബിമാരുടെയും ചരിത്രഗ്രന്ഥങ്ങൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.
ഖത്തർ, ഇന്ത്യ, സൗദി അറേബ്യ, കുവൈത്ത്, ലബനാൻ, സിറിയ, ജോർദാൻ, ഈജിപ്ത്, തുർക്കി, ആസ്േത്രലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള പവിലിയനുകളാണ് റമദാൻ പുസ്തകമേളയിലുള്ളത്. മേഖലയിലെ ഏറ്റവും പഴക്കംചെന്ന പുസ്തകമേളകളിലൊന്നായ ദോഹ രാജ്യാന്തര പുസ്തകമേളയിലാണ് റമദാൻ പുസ്തകമേള പ്രഖ്യാപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.