സ്റ്റാര്‍സ് ലീഗ്: ലഖ്വിയക്ക് മുന്നില്‍ കീഴടങ്ങി സദ്ദ്; റയ്യാന് തകര്‍പ്പന്‍ ജയം

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അല്‍ സദ്ദിന് സീസണിലെ ആദ്യ തോല്‍വി. ലഖ്വിയക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന ലീഗിലെ 16ാം റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ സദ്ദ് തോല്‍വി വഴങ്ങിയത്. 
പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷം വരെ പൊരുതിയാണ് ലഖ്വിയ സദ്ദിനെ കീഴ്പ്പെടുത്തിയത്. ഇതോടെ 16 മത്സരങ്ങളില്‍ നിന്നും 42 പോയന്‍റുമായി വളരെയധികം മുന്നിലാണ് ലഖ്വിയക്കാര്‍.  സൂപ്പര്‍ താരം നാം താ ഹീയും ക്യാപ്റ്റന്‍ മുഹമ്മദ് മൂസയും ലഖ്വിയക്കായി ഗോളുകള്‍ നേടിയപ്പോള്‍ അലി അഫീഫിന്‍െറ വകയായിരുന്നു സദ്ദിന്‍െറ ആശ്വാസഗോള്‍. കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ സാവിയുടെ ഫ്രീക്വിക്ക് പാസ് കരസ്ഥമാക്കി അബ്ദുല്‍ കരീം ഹസ്സന്‍ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും ലഖ്വിയന്‍ ഗോളി കളോഡ് അമീന്‍ തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കേ അലി അസദിന്‍െറ തകര്‍പ്പന്‍ ഷോട്ട് ബാറില്‍ തട്ടി മടങ്ങിയത് സദ്ദിന് കനത്ത നഷ്ടമായി. പരുക്കന്‍ കളി പുറത്തെടുത്ത ലഖ്വിയ സ്ട്രൈക്കര്‍ ലൂയിസ് മാര്‍ട്ടിന്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായെങ്കിലും അത് ലഖ്വിയയുടെ പ്രകടനത്തെ ബാധിച്ചില്ല. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം  മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപ്റ്റന്‍ ലഖ്വിയക്കായി വിജയഗോള്‍ നേടിയത്. 12 ജയവും മൂന്ന് ജയവുമാണ് ലഖ്വിയയുടെ സമ്പാദ്യം. അതേസമയം, ലീഗിലെ ആദ്യ തോല്‍വി വഴങ്ങിയെങ്കിലും ലീഗില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ് സദ്ദിന്‍െറ സ്ഥാനം. അല്‍ഖോറിനെതിരെ അല്‍ജെയ്ഷ് സമനില വഴങ്ങിയതും സദ്ദിന് ഏറെ തുണയായിട്ടുണ്ട്. 16 മത്സരങ്ങളില്‍ നിന്ന് 11 ജയമടക്കം 37 പോയന്‍റുമായാണ് സദ്ദ് രണ്ടാമത് നില്‍ക്കുന്നത്. മൂന്നാമതുള്ള ജെയ്ഷിന് 34 പോയന്‍റാണുള്ളത്.  മറ്റൊരു മത്സരത്തില്‍ സൈലിയയെ എതിരില്ലാത്ത നാല് ഗോളിന് മുക്കി റയ്യാന്‍ വിലപ്പെട്ട മൂന്ന് പോയന്‍റുകള്‍ കരസ്ഥമാക്കി. സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തബാട്ട ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സെര്‍ജിയോ ഗാര്‍ഷ്യയുടെയും അബ്ദുല്‍ മജീദ് ഇനാദിന്‍െറയും വകയായിരുന്നു മറ്റ് ഗോളുകള്‍. ജയത്തോടെ റയ്യാന് 16 മത്സരങ്ങളില്‍ നിന്നായി 31 പോയന്‍റായി. മൂന്നാമതുള്ള ജെയ്ഷിന് രണ്ട് പോയന്‍റ് പിറകിലാണ് റയ്യാന്‍. 
 

Tags:    
News Summary - stars league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.