ദോഹ: 2023-2024 സീസണിൽ ‘സ്റ്റോപ് ഓവർ’ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി ഡിസ്കവർ ഖത്തർ. ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രക്കിടയിലെ ഇടത്താവളമായി മാറുന്ന ‘സ്റ്റോപ് ഓവർ’ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഖത്തറിനെ മികച്ച തെരഞ്ഞെടുപ്പാക്കി മാറ്റാനുള്ള പദ്ധതികളാണ് ഡിസ്കവർ ഖത്തർ ഒരുക്കുന്നത്.
ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയും ഖത്തർ ടൂറിസത്തിന്റെ പങ്കാളിയുമാണ് ഡിസ്കവർ ഖത്തർ. 2022-2023 കാലയളവിൽ 20,000ലധികം യാത്രക്കാർക്കാണ് ലോകത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളോടെ ‘സ്റ്റോപ് ഓവർ’ ഡിസ്കവർ ഖത്തർ നൽകിയത്. ഇതിലൂടെ ആഡംബരപൂർണമായ ഫോർ സ്റ്റാർ ഹോട്ടലുകളിലോ ഫൈവ് സ്റ്റാർ ഹോട്ടലുകളിലോ നാല് രാത്രികൾ വരെ സന്ദർശകർക്ക് താമസിക്കാൻ സാധിക്കും.
ഖത്തറിലെ വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് ഖത്തർ ടൂറിസം സ്വീകരിച്ച ആറ് സുപ്രധാന പദ്ധതികളിലൊന്നാണ് സ്റ്റോപ് ഓവർ പ്രോഗ്രാം. ഖത്തർ ടൂറിസവുമായും ഖത്തർ എയർവേസുമായും സഹകരിച്ചാണ് ഡിസ്കവർ ഖത്തറിന്റെ സ്റ്റോപ് ഓവർ പ്രോഗ്രാം. 2022-2023 കാലയളവ് ഏറ്റവും പ്രധാനപ്പെട്ട സമയമായിരുന്നുവെന്ന് ഡിസ്കവർ ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ 12 മാസത്തിനിടയിൽ ഫിഫ ലോകകപ്പിന് മുമ്പും ശേഷവുമായി അസാധാരണമായ വിനോദസഞ്ചാര അനുഭവങ്ങളാണ് ഡിസ്കവർ ഖത്തർ സന്ദർശകർക്കായി വാദ്ഗാനം ചെയ്തത്. ഫിഫ പ്രതിനിധികൾ, ടൂർ ഓപറേറ്റർമാർ, വാണിജ്യ പങ്കാളികൾ, സ്പോൺസർമാർ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാൽപന്ത് പ്രേമികൾ വരെ ഇതിന്റെ ഭാഗമായി. കൂടാതെ എം.എസ്.സി ക്രൂയിസ് ഡേ പാസുകളും ഖത്തർ ലൈവും ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കായി 30,000 ടിക്കറ്റുകളാണ് വിൽപന നടത്തിയത്.
സന്ദർശകർക്കായി ഖത്തർ വാഗ്ദാനം ചെയ്യുന്നതിന്റെ ഏറ്റവും മികച്ചതാണ് അവർക്ക് നൽകിയത്. 2022 ഏപ്രിലിൽ ട്രാൻസിറ്റ് ടൂർ പുനരാരംഭിച്ചതോടെ 13,000ലധികം യാത്രക്കാരെ ഈ ലേഓവർ പരിപാടിയുടെ ഭാഗമാക്കാനും സാധിച്ചു. സിറ്റി ടൂർ, മരുഭൂമിയിലൂടെയുള്ള സഞ്ചാരം എന്നിവയാണ് ലഭ്യമാക്കിയത്.
ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളും ട്രാൻസിറ്റ് ടൂറിൽ ഉൾപ്പെടുത്തിയിരുന്നു. ഒറിക്സ് എയർപോർട്ട് ഹോട്ടലുമായി സഹകരിച്ച് സ്ക്വാഷ്, ഗോൾഫ് എന്നിവക്കുള്ള അധിക ഒപ്ഷൻ നൽകുന്നതിലൂടെ ട്രാൻസിറ്റ് ടൂറുകൾക്ക് സമീപ ഭാവിയിൽ ജനപ്രീതി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.