ദോഹ: കടുത്ത ചൂടിനും ഹുമിഡിറ്റിക്കുമിടയിൽ ആശ്വാസമായി മാനത്ത് സുഹൈൽ നക്ഷത്രം ശനിയാഴ്ച ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ജി.സി.സി ഉൾപ്പെടെ മേഖലയിൽ സുഹൈൽ നക്ഷത്രത്തിന്റെ ഉദയം നേരത്തെതന്നെ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചിരുന്നു.
കാലവസ്ഥ മാറ്റത്തിന്റെ അടയാളമായാണ് ‘കാനോപസ് സ്റ്റാർ’ എന്നറിയപ്പെടുന്ന ഈ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്. 41 ഡിഗ്രിവരെ ഉയരുന്ന താപനിലക്കും, വീർപ്പുമുട്ടിക്കുന്ന ഹുമിഡിറ്റിക്കും ആശ്വാസമായെത്തുന്ന സുഹൈൽ നക്ഷത്രവും, അൽ തർഫും ഈ രാത്രിയിൽതന്നെ ഉദിക്കുന്നതായി ഖത്തർ കാലാവസ്ഥ വിഭാഗവും അറിയിച്ചു.
സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം ചൂട് മാറി തണുപ്പിനെ സ്വാഗതം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.
ഏറ്റവും തിളക്കമേറിയ നക്ഷത്രം എന്ന നിലയിൽ നഗ്ന നേത്രങ്ങൾകൊണ്ടുതന്നെ ഖത്തറിൽനിന്നും തെക്കൻ ചക്രവാളത്തിൽ ഈ നക്ഷത്രം കാണാൻ കഴിയുമെന്ന് കലണ്ടർ ഹൗസ് ശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസുഖ് പറഞ്ഞു. സുഹൈൽ ഉദയത്തിനുശേഷമാണ് മേഖലയിലെ കാർഷിക, പരിസ്ഥിതി മേഖലകളിൽ ഏറെ ആശ്രയിക്കുന്ന അൽ മുറബ്ബിയ, അൽ വസ്മി, അൽ സുഫ്രിയ, അൽ ഖന്ന തുടങ്ങിയ പ്രധാന സീസണുകളും ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.