ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മേളത്തിന് കാത്തിരുന്ന ഖലീഫ സ്റ്റേഡിയത്തിൽ നിറഞ്ഞാടി അൽ നസ്റിന്റെ താരപ്പട.
നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആരവങ്ങൾക്ക് നടുവിൽ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളടിച്ച് അതിശയിപ്പിച്ച ആതിഥേയ സംഘം അൽ ദുഹൈലിനെ 3-2ന് വീഴ്ത്തി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ അൽ നസ്റിന്റെ കുതിപ്പ്.
ബ്രസീൽ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്കയുടെ ഹാട്രിക് മികവിലാണ് അൽ നസ്ർ ദുഹൈലിനെ വീഴ്ത്തിയത്.
ഖത്തർ ടീമിന്റെ ആക്രമണം സ്വന്തം തോളിലേറ്റി ഫിലിപ് കുടീന്യോ ഇരട്ട ഗോളുകളുമായി ടീമിനെ തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവും എതിരാളികളുടെ കുറ്റമറ്റ പ്രതിരോധവും തിരിച്ചടിയായി.
സൂപ്പർ താരം ക്രിസ്റ്റ്യാനോ കളിക്കുമെന്ന പ്രതീക്ഷയായിരുന്നു അൽ നസ്റിന്റെ മത്സരത്തെ ശ്രദ്ധേയമാക്കിയത്.
എന്നാൽ, തുടർച്ചയായ മത്സരങ്ങൾക്കു പിന്നാലെ, പോർചുഗൽ താരത്തിന് വിശ്രമം നൽകി അൽ നസ്ർ ഖത്തറിൽ കളത്തിലിറങ്ങിയപ്പോൾ മനോഹരമായ നീക്കങ്ങളുമായി സാദിയോ മാനെയും ടാലിസ്കയും ദുഹൈലിന്റെ കുടീന്യോയും മൈകൽ ഒലുംഗയും കളം വാണു. എട്ടാം മിനിറ്റിൽ കുടീന്യോയിലൂടെ അൽ ദുഹൈലാണ് ആദ്യ ലീഡെടുക്കുന്നത്.
27ാം മിനിറ്റിൽ ടാലിസ്കയിലൂടെ അൽ നസ്ർ മറുപടി ഗോൾ നേടി. 37ാം മിനിറ്റിൽ ടാലിസ്ക ലീഡ് ഇരട്ടിയാക്കി (2-1).
ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ ടാലിസ്ക് വീണ്ടും ഗോൾ നേടിയതോടെ രണ്ടുഗോൾ വ്യത്യാസത്തിൽ അൽ നസ്ർ വ്യക്തമായ ആധിപത്യം പുലർത്തി (3-1).
80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കുടീന്യോ ദുഹൈലിനായി രണ്ടാം ഗോൾ നേടിയെങ്കിലും ജയം അൽ നസ്റിനൊപ്പമായിരുന്നു.
ഈ മത്സരത്തിലെ വിജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നാലും ജയിച്ച് 12 പോയന്റുമായി അൽ നസ്ർ ഗ്രൂപ് ‘ഇ’യിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
നാലിൽ ഒരു സമനിലയും മൂന്ന് തോൽവിയുമുള്ള അൽ ദുഹൈൽ ഒരു പോയന്റുമായി നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.