ദോഹ: അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് കഴിഞ്ഞാൽ ഖത്തറിെൻറ അടുത്ത ലക്ഷ്യം 2030 ഏഷ്യൻ ഗെയിംസാണ്. ലോകകപ്പ് വേദികളുടെ പ്രൗഢിയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഖത്തർ വേദിയാവുന്ന ഏഷ്യൻ മേള. എന്നാൽ, ഒമ്പതു വർഷത്തിനപ്പുറമുള്ള വൻകരയുടെ മേളയിലേക്ക് ഖത്തർ കായിക ലോകം ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആതിഥേയർ മാത്രമല്ല, കളത്തിൽ പൊന്നുവാരുന്ന സംഘത്തെ അണിയറയിൽ പടുത്തുയർത്തുകയാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റി. ടോക്യോ ഒളിമ്പിക്സിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി ഗൾഫ് മേഖലയിൽ തന്നെ വിസ്മയം തീർത്ത ഖത്തർ 2030 ഏഷ്യൻ ഗെയിംസിനെ ആതിഥേയത്വം കൊണ്ടും കളത്തിലെ പ്രകടനം കൊണ്ടും തങ്ങളുടേതാക്കാൻ സംഘാടകർ ഒരുക്കം തുടങ്ങി.
ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. രാജ്യത്തെ വിവിധ സ്പോർട്സ് ക്ലബുകളുടെ പ്രസിഡൻറുമാർ, എക്സിക്യൂട്ടിവ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത വർക്ഷോപ്പാണ് സംഘടിപ്പിച്ചത്. കായിക സാംസ്കാരിക മന്ത്രി സലാഹ് ബിൻ ഗനിം അൽ അലി, ഒളിമ്പിക് കമ്മിറ്റി െസക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, ക്യു.ഒ.സി വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
ഒാരോ ഇനത്തിലും ഏറ്റവും മികച്ച ടീമിനെ കെട്ടിപ്പടുക്കാനും മെഡൽ ലക്ഷ്യത്തിലേക്ക് ഒരുങ്ങാനും ശൈഖ് ജൂആൻ വിവിധ ക്ലബ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഖത്തറിെൻറ കായിക നവോത്ഥാനമായി ഏഷ്യൻ ഗെയിംസ് മാറുമെന്നും അതിനായി രാഷ്ട്ര നേതൃത്വത്തിൽനിന്നും പരിമിതികളില്ലാത്ത പിന്തുണയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിെൻറ മിന്നുന്ന പ്രകടനത്തിന് വഴിയൊരുക്കി, ഏറ്റവും മികച്ച സംഘത്തെ തന്നെ അയച്ച കായിക സംഘടനകളെ അദ്ദേഹം അഭിനന്ദിച്ചു. 2030 ഏഷ്യൻ ഗെയിംസിനായി ഒളിമ്പിക്സ് കമ്മിറ്റി, കായിക മന്ത്രാലയം, സ്പോർട്സ് ക്ലബുകൾ, വിവിധ ഫെഡറേഷനുകൾ എന്നിവയുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.