ദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ ദേശീയ അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകർക്ക് കുട്ടികൾ ആദരവർപ്പിച്ചും വിവിധ പരിപാടികൾ ഒരുക്കിയും മുൻ ഇന്ത്യൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചുമെല്ലാമായിരുന്നു ആഘോഷങ്ങൾ. എം.ഇ.എസ് അബൂഹമൂർ ബ്രാഞ്ചിൽ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് അധ്യാപകദിന സന്ദേശം നൽകി. പ്രിയപ്പെട്ട അധ്യാപകർക്ക് നന്ദിപറഞ്ഞുകൊണ്ട് വരവേറ്റ വിദ്യാർഥികൾ സമ്മാനവും നൽകി. ബിർല സ്കൂളിൽ ഓൺലൈൻ-ഓഫ്ലൈൻ വഴി അധ്യാപകദിനാഘോഷം നടന്നു. ചെയർമാൻ ഗോപി ഷഹാനി, ഡയറക്ടർമാരായ സി.വി. റപ്പായി, ലൂകോസ് കെ. ചാക്കോ, പ്രിൻസിപ്പൽ എ.പി. ശർമ എന്നിവർ പങ്കെടുത്തു. ഓൺലൈനിൽ രക്ഷിതാക്കളും പരിപാടിയുടെ ഭാഗമായി. മഹാമാരികാലത്തും വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾക്കായി കഠിനാധ്വാനം ചെയ്ത അധ്യാപകർക്ക് ചെയർമാൻ നന്ദിയും അഭിനന്ദനവും അറിയിച്ചു. വിദ്യാർഥികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സ്റ്റുഡൻറ്സ് കൗൺസിൽ നേതൃത്വത്തിൽ അധ്യാപകദിനാഘോഷ പരിപാടി നടന്നു. പ്രസിഡൻറ് റഷീദ് അഹമ്മദ് സംസാരിച്ചു. കേന്ദ്രസർക്കാറിെൻറ അധ്യാപകർക്കുള്ള ഐ.സി.ടി അവാർഡ് നേടിയ ശ്യാംകൃഷ്ണ, ഇന്ത്യൻ എംബസിയുടെ അധ്യാപകപുരസ്കാരം നേടിയ ശംസിയ സുഹൈബു, കവിത സോളമൻ എന്നിവരെ പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ ആദരിച്ചു. അധ്യാപകമികവിന് നസിയ തസീൻ, നാസിയ സലീം എന്നിവരെയും അഭിനന്ദിച്ചു. സ്കൂൾ ഹെഡ് ലാമിയ ഇബ്രാഹീം നന്ദി പറഞ്ഞു. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്രസിഡൻറ് കെ. അബ്ദുൽ കരീം മുഖ്യാതിഥിയായി. സ്കൂളിന് ഉന്നതവിജയം സമ്മാനിച്ച അധ്യാപകരെ അഭിനന്ദിച്ചു. കോവിഡ് കാലത്ത് വെല്ലുവിളികൾ തരണംചെയ്തും വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകർക്ക് പ്രിൻസിപ്പൽ ഹമീദ കാദർ നന്ദി പറഞ്ഞു. കൂടുതൽ വർഷം പ്രവർത്തിച്ച അധ്യാപകരെ ആദരിച്ചു. സീനിയർ വൈസ് പ്രസിഡൻറ് ഡോ. നജീബ്, വൈസ് പ്രസിഡൻറ് ഖലീൽ, ഡെ. ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം, ഡയറക്ടർ കാഷിഫ് ജലീൽ, എം.സി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഏഴാം വാർഷികവും അധ്യാപക ദിനാഘോഷവും
ദോഹ: ഒലീവ് ഇൻറർനാഷനൽ സ്കൂളിൽ അധ്യാപകദിനവും ഏഴാം വാർഷികവും ആഘോഷിച്ചു. അൽ തുമാമ കാമ്പസിൽ നടന്ന ചടങ്ങിൽ അധ്യാപകമികവിനുള്ള ഒലീവ് എക്സലൻസ് അവാർഡ് നേടിയവരെ ആദരിച്ചു. 2014ൽ ആരംഭിച്ച് ചുരുങ്ങിയ വർഷംകൊണ്ട് കൂടുതൽ കാമ്പസുകളിലേക്ക് വളരാനും അകാദമികമികവ് നേടാനും വഴിയൊരുക്കിയ അധ്യാപകരെയും ജീവനക്കാരെയും സ്കൂൾ മാനേജ്മെൻറും രക്ഷിതാക്കളും അഭിനന്ദിച്ചു. മികവിനുള്ള അംഗീകാരമായി അധ്യാപകർക്ക് സ്വർണനാണയങ്ങൾ സമ്മാനിച്ചു. നാലു വിഭാഗങ്ങളിലായാണ് ഒലീവ് എക്സലൻസ് പുരസ്കാരം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.