ദോഹ: കിർകുക്കിലെ അഭയാർഥി ക്യാമ്പിൽനിന്ന് ഇറാഖി ഒളിമ്പിക് ടീമിലേക്ക് വിളിയെത്തുകയും പിന്നീട് ദേശീയ ടീമിലെത്തി ഗോളടിച്ച് കൂട്ടുകയും ചെയ്യുന്ന ഒരാളുണ്ട്, പേര് അയ്മൻ ഹുസൈൻ.
എ.എഫ്.സി ഏഷ്യൻ കപ്പ് ഗ്രൂപ് ഡിയിലെ രണ്ട് മത്സരത്തിൽനിന്നായി ഇറാഖിനായി മൂന്നു ഗോളുകളാണ് ഈ ആറടി രണ്ടിഞ്ചുകാരൻ അടിച്ചുകൂട്ടിയത്. ഇതിൽ രണ്ടാം മത്സരത്തിൽ ജപ്പാനെതിരെ നേടിയ രണ്ടുഗോളിന് തിളക്കമേറെയാണ്. ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ ഇന്തോനേഷ്യയെയാണ് തകർത്തതെങ്കിൽ അജയ്യരായി നോക്കൗണ്ട് റൗണ്ടിലേക്ക് പ്രവേശിക്കാമെന്ന മോഹവുമായെത്തിയ ബ്ലൂ സാമൂറായീസിനെയാണ് അയ്മൻ ഹുസൈന്റെ രണ്ട് ഗോളുകളിലൂടെ ഇറാഖ് തകർത്തെറിഞ്ഞത്.
1996ൽ ഇറാഖിലെ കിർകുക്കിൽ ജനിച്ച അയ്മൻ ഹുസൈൻ 2009ൽ അൽ അലാം ക്ലബിലൂടെയാണ് ഫുട്ബാൾ രംഗത്തെത്തുന്നത്. 2013ൽ സീനിയർ പ്രഫഷനൽ ഫുട്ബാളിലേക്കെത്തിയ താരം ദുഹോക് ടീമിനായാണ് ആദ്യം ബൂട്ട് കെട്ടിയത്. പിന്നീട് അൽ നഫ്ത്, അൽ ഷുർത, സി.എസ് എക്സ്ഫാക്സിയൻ, അൽ ഖുവ അൽ ജവിയ, ഉംസലാൽ, അൽ മർഖിയ, അൽ ജസീറ, രാജ സി.എ തുടങ്ങിയ ക്ലബുകൾക്കുവേണ്ടിയും കളത്തിലിറങ്ങി. നിലവിൽ 2019-2021 സീസണിലെ തന്റെ പഴയ തട്ടകമായ അൽ ഖുവ അൽ ജവിയയുടെ താരമാണ് അയ്മൻ ഹുസൈൻ.
2014ൽ ഇറാഖ് അണ്ടർ 20 ടീമിലൂടെയാണ് അയ്മൻ ദേശീയ ടീമിലെത്തുന്നത്. 2015 മുതൽ 2018 വരെ അണ്ടർ 23 താരമായ അയ്മൻ 14 മത്സരങ്ങളിൽനിന്നായി 11 തവണ ദേശീയ ടീമിനുവേണ്ടി ലക്ഷ്യംകണ്ടു. 2015 മുതൽ ഇറാഖിന്റെ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമായ താരം, 71 മത്സരങ്ങളിൽനിന്നായി 20 ഗോളുകളും നേടിയിട്ടുണ്ട്.
ഇറാഖിലെ സംഘർഷകാലത്ത് 2014ലെ സംഭവങ്ങൾ താരം ഇപ്പോഴും നടുക്കത്തോടെയാണ് ഓർക്കുന്നത്. ആ വർഷം വടക്കൻ ഇറാഖിലും പടിഞ്ഞാറൻ ഇറാഖിലുമായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ (ഐ.എസ്) മേധാവിത്വം വ്യാപിച്ചതോടെ ഉണ്ടായ സംഘർഷങ്ങളെത്തുടർന്ന് കുടുംബത്തോടൊപ്പം വീടുവിട്ടിറങ്ങിയ വ്യക്തിയാണ് അയ്മൻ ഹുസൈൻ. ഇറാഖ് പൊലീസിലായിരുന്ന അദ്ദേഹത്തിന്റെ പിതാവ് സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും സഹോദരനെ ഐസിസ് തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. സഹോദരനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അയ്മൻ പറയുന്നുണ്ട്.
2016ലെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇറാഖ് ടീമിലേക്ക് അപ്രതീക്ഷിതമായാണ് അയ്മൻ ഹുസൈന് വിളിയെത്തിയത്. അഭയാർഥിയായതിന്റെ 18 മാസങ്ങൾ കഴിഞ്ഞാണ് അയ്മൻ ഹുസൈന് പ്രഫഷനൽ ഫുട്ബാൾ തുടരാൻ പ്രചോദനം നൽകിക്കൊണ്ടുള്ള ഇറാഖ് ഫുട്ബാളിന്റെ വിളി ലഭിച്ചത്. ടീമിൽ മടങ്ങിയെത്തിയ അയ്മൻ അന്ന് ഖത്തറിനെതിരെ നിർണായക ഗോൾ നേടി ദേശീയ ടീമിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.
കടുത്ത ദുരിതങ്ങൾ താണ്ടി നീണ്ട ഇടവേളക്കുശേഷം ടീമിലെത്തുകയും രാജ്യത്തിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുത്ത് ഹീറോ ആകുകയും ചെയ്ത അയ്മൻ ഹുസൈനെ അന്നത്തെ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ച് വിരുന്നൂട്ടുകയും ചെയ്തിരുന്നു. കിരീട ഫേവറിറ്റുകളായ ജപ്പാനെതിരെ രണ്ടുഗോൾ നേടി ഇറാഖിനെ ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കെത്തിച്ച് വീണ്ടും ഹീറോ ആയിരിക്കുകയാണ് അയ്മൻ ഹുസൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.