ദോഹ: ഫലസ്തീനികളുടെ രക്തച്ചൊരിച്ചിലിന് അറുതിവരുത്താനും മേഖലയെ അസ്ഥിരതയിലേക്ക് തള്ളിവിടുന്നത് തടയാനും പ്രശ്ന പരിഹാരം കാണാനുള്ള നയതന്ത്രശ്രമങ്ങൾ തുടരണമെന്നും ആവർത്തിച്ച് ഖത്തർ. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പത്താം അടിയന്തര സമ്മേളനത്തിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി ഇക്കാര്യം വ്യക്തമാക്കിയത്. ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സെഷൻ പുനരാരംഭിച്ചതിന് നന്ദി അറിയിച്ച ഖത്തർ സ്ഥിരം പ്രതിനിധി, അറബ് ഗ്രൂപ്, ഒ.ഐ.സി ഗ്രൂപ്, ജി.സി.സി ഗ്രൂപ് എന്നിവയുടെ പേരിൽ സമർപ്പിച്ച പ്രസ്താവനയിൽ ഖത്തർ അതിന്റെ ശബ്ദം ചേർക്കുകയാണെന്നും അടിവരയിട്ട് പറഞ്ഞു.
പത്താം അടിയന്തര സെഷൻ പുനരാരംഭിക്കുന്നത് നിർണായക സമയത്തും സന്ദർഭത്തിലുമാണെന്നും നിരപരാധികളായ സാധാരണക്കാർക്കെതിരായ ഇസ്രായേൽ ആക്രമണം കാരണം ഗസ്സ മുനമ്പിലെ മാനുഷികസാഹചര്യങ്ങൾ വിനാശകരമായി മാറിക്കഴിഞ്ഞെന്നും ശൈഖ അൽയാ അഹ്മദ് സൈഫ് ആൽഥാനി സംസാരത്തിനിടെ ചൂണ്ടിക്കാട്ടി. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും സമാധാനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കുന്നതെന്നും ശൈഖ അൽയാ ആൽഥാനി കൂട്ടിച്ചേർത്തു. ചാർട്ടറിന് അനുസൃതമായി രക്ഷാസമിതി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടതിൽ ഖത്തർ ഭരണകൂടം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിലും നിർബന്ധിത പ്രമേയം അംഗീകരിക്കുന്നതിലും സമിതി പരാജയപ്പെട്ടുവെന്നും അവർ വ്യക്ത മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.