ദോഹ: ഖത്തറിന്റെയും ഇറാന്റെയും ഹൃദയങ്ങളെ കോർത്തിണക്കി രാഷ്ട്രത്തലവന്മാരുടെ ഹൃദ്യമായ കൂടിക്കാഴ്ച.
11 വർഷം നീണ്ട ഇടവേളക്കുശേഷം, ഖത്തർ സന്ദർശനത്തിനെത്തിയ ആദ്യ ഇറാൻ പ്രസിഡന്റായ ഇബ്രാഹിം റഈസിയെ തിങ്കളാഴ്ച രാവിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വരവേറ്റു. തെഹ്റാനിൽനിന്നു പ്രസിഡന്റിന്റെ പ്രത്യേക വിമാനത്തിൽ പറന്നുയർന്ന ഇബ്രാഹിം റഈസിയുടെ ഗൾഫ് രാജ്യത്തേക്കുള്ള ആദ്യ സന്ദർശനത്തിനുകൂടിയായിരുന്നു ദോഹ സാക്ഷിയായത്.
ഹമദ് വിമാനത്താവളത്തിൽ അമീർ ചുവപ്പുപരവതാനി വിരിച്ചായിരുന്നു സൗഹൃദ രാഷ്ട്രത്തലവനെ സ്വീകരിച്ചത്. തുടർന്ന്, അമീരി ദിവാനിൽ പ്രത്യേക കൂടിക്കാഴ്ചയും ശേഷം ഇരുരാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിലെ സഹകരണ കരാറുകളുടെ ഒപ്പുവെക്കലിനും വേദിയായി.
പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിതല കൂടിയാലോചനകൾ, വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ നയതന്ത്ര സ്ഥാപനങ്ങളിൽ പരിശീലനവും സഹകരണവും, നയതന്ത്ര, പ്രത്യേക പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇരു രാജ്യങ്ങളിലും വിസയിൽ ഇളവ്, ഖത്തർ മീഡിയ കോർപറേഷനും ഇറാൻ ബ്രോഡ്കാസ്റ്റിങ്ങും തമ്മിലെ റേഡിയോ-ടെലിവിഷൻ മേഖലകളിൽ സഹകരണം എന്നിവ ഉൾപ്പെടെ നിരവധി കരാറുകളിലാണ് അമീറിന്റെയും ഇറാൻ പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചത്.
ഇബ്രാഹിം റഈസിയുടെ സംഘത്തിനൊപ്പമുള്ള ഉന്നത സംഘം ഖത്തറിലെ വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണയിലെത്തി.
ഖത്തർ തുറമുഖ കമ്പനിയായ മവാനി ഖത്തറും ഇറാൻ തുറമുഖ വിഭാഗവും തമ്മിൽ സഹകരണം, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്റാമ) ഇറാൻ ഇലക്ട്രിക് പവർ ജനറേഷൻ കമ്പനിയും തമ്മിലെ സഹകരണം, ടൂറിസം, വ്യാപാരം തുടങ്ങിയ ബന്ധപ്പെട്ട കരാറുകളിലും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.