ദോഹ: കോവിഡ് വ്യാപന സാഹചര്യത്തിൽ ഡോക്ടർമാർ വാട്സ്ആപ്പിലും ഇ മെയിൽ വഴിയും നൽകുന്ന പരിശോധന കുറിപ്പുകൾ സ്വീകരിച്ച് മരുന്നു നൽകാമെന്ന് ഫാർമസികൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
താൽക്കാലികമായാണ് ഈ ഉത്തരവ്. ആരോഗ്യമന്ത്രാലയം ഫാർമസി, ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡയറക്ടർ ഡോ. ഐഷ ഇബ്രാഹിം അൽ നസാറിയാണ് രാജ്യത്തെ എല്ലാ ഫാർമസികൾക്കും പുതിയ നിർദേശം നൽകിയത്.
നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സൗകര്യം പരിഗണിച്ച്, ഡോക്ടർമാർ വാട്സ്ആപ്പിലും ഇ-മെയിലിലും നൽകുന്ന പരിശോധനാ കുറിപ്പുകൾ സ്വീകരിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. നിലവിൽ പൊതുമേഖല ആശുപത്രികളിലെല്ലാം വിവിധ വിഭാഗങ്ങളിൽ ടെലി മെഡിസിൻ ഉൾപ്പെടെയുള്ള ഓൺലൈൻ കൺസൽട്ടേഷനിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തര സ്വഭാവമല്ലാത്ത കേസുകളിൽ നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതില്ലെന്നും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് ലഭിക്കാനുള്ള എളുപ്പത്തിനാണ് ഫാർമസികൾക്ക് വാട്സ്ആപ്, ഇ-മെയിൽ കുറിപ്പടികൾ സ്വീകരിക്കാൻ നിർദേശം നൽകുന്നത്.
അതേസമയം, കുറിപ്പടി പൂർണമായിരിക്കണമെന്ന നിർദേശമുണ്ട്. പരിശോധിച്ച ഡോക്ടറുടെ വിവരങ്ങൾ, ലൈസൻസ് നമ്പർ, തീയതി, രോഗിയുടെ നമ്പർ എന്നിവ കുറിപ്പടിയിൽ വ്യക്തമായിരിക്കണം. ഒരാഴ്ചയായിരിക്കും ഇവയുടെ കാലാവധിയെന്നും അധികൃതർ വ്യക്തമാക്കുന്നു. മനോരോഗങ്ങൾക്കുള്ള മരുന്നുകളും മറ്റും ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.