ദോഹ: പെരുന്നാൾ അവധിക്കാലത്ത് രാജ്യത്തേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തി. അവധിക്കാലത്തോടൊപ്പം പ്രത്യേക ഓഫറുകൾകൂടി അവതരിപ്പിച്ചതോടെ രാജ്യത്തെ ഹോട്ടൽ റിസർവേഷനുകളിലും വലിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധി ആഘോഷിക്കാനെത്തുന്ന സന്ദർശകരെയും താമസക്കാരെയും ആകർഷിക്കുന്ന മികച്ച ഓഫറുകളാണ് നിരവധി ഹോട്ടലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലുസൈൽ സിറ്റിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ, റസ്റ്റാറന്റിലുടനീളമുള്ള ഭക്ഷണപാനീയങ്ങൾക്ക് 20 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യത്തിൽ ഈദ് ബ്രഞ്ചുകൾ ഉൾപ്പെടുന്ന വിവിധ ഓഫറുകളും അവതരിപ്പിച്ചിരുന്നു.
ഈദ് അവധിയായതിനാൽ ബുക്കിങ്ങിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും അവധിയോടടുത്ത് റിസർവേഷനുകളിലും ഉയർന്ന ആവശ്യം ശ്രദ്ധയിൽ പെട്ടതായും റാഫിൾസ്, ഫെയർമോണ്ട് ഹോട്ടലുകളുടെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ക്ലസ്റ്റർ ഡയറക്ടർ എൻഡാമിയ ഡികോർ പറഞ്ഞു. ഡെലിവറി ഡേറ്റ പ്ലാറ്റ്ഫോമായ എസ്.ടി.ആർ പ്രകാരം 2023 ഏപ്രിൽ 23 ഞായറാഴ്ച രണ്ടു ഹോട്ടലുകളിലെയും ഒക്യുപെൻസി നിരക്ക് ഏറ്റവും ഉയർന്ന തലത്തിലാണെത്തിയത്.
ഈദ് അവധിയുമായി താരതമ്യംചെയ്യുമ്പോൾ റമദാൻ കാലയളവിൽ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് എസ്.ടി.ആർ മിഡിലീസ്റ്റ്, ആഫ്രിക്ക എക്സിക്യൂട്ടിവ് കോസ്റ്റാസ് നിക്കോളൈഡിസ് ചൂണ്ടിക്കാട്ടി. ഖത്തർ പ്രഖ്യാപിച്ച 11 ദിവസത്തെ ഈദ് അവധി ദിവസങ്ങൾ കൂടുതൽ സമയം ഹോട്ടലുകളിൽ ചെലവഴിക്കാനും ആഘോഷിക്കാനും പ്രാപ്തമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയിൽ പുത്തൻ ചുവടുകൾ മുന്നോട്ടുവെക്കുന്നതിനാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ ഈ മേഖലക്ക് വലിയ പങ്കുണ്ടെന്നും പ്രത്യേകിച്ചും ഈദ് സമയങ്ങളിൽ വലിയ മുന്നേറ്റമാണ് കാണുന്നതെന്നും രാജ്യത്തെ യാത്രാവിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പ് പോലുള്ള മികച്ച ഇവന്റുകളും മറ്റു സേവനങ്ങളും കാരണം രാജ്യത്തെ വിനോദ വ്യവസായ മേഖല ഈ വർഷം ശുഭാപ്തിയിലാണ്.
വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന ടൂറിസം മേഖലയുടെ വളർച്ചക്കും വിജയത്തിനും വലിയ സംഭാവന നൽകുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി വർധിപ്പിക്കുമെന്നും നിരീക്ഷകർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.