കുവൈത്ത് സിറ്റി: ഈ മാസം വ്യാപകമാക്കിയ സുരക്ഷ പരിശോധനയിൽ പിടിയിലായവരെ പാർപ്പിച്ചതിനാൽ രാജ്യത്തെ ജയിലുകളിൽ അന്തേവാസികൾ വർധിച്ചു. ജയിലുകളിൽ സ്ഥലം ഇല്ലാത്തതിൽ സുരക്ഷ പരിശോധന കാമ്പയിൻ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. കഴിഞ്ഞ ആഴ്ച നടത്തിയ ശക്തമായ പരിശോധനയുടെ വേഗം കുറക്കാൻ അധികൃതർ നിർബന്ധിതരാകും. നേരത്തേ പിടിക്കപ്പെട്ടവരും സെൻട്രൽ ജയിലിൽനിന്ന് ശിക്ഷാ കാലാവധി പൂർത്തിയാക്കി എത്തിച്ചവരും എല്ലാമായി നാടുകടത്തൽ കേന്ദ്രത്തിൽ ആളധികമാണെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 432 പേർ അറസ്റ്റിലായി.
നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ പരിശോധന തുടരുന്നുണ്ട്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വീണ്ടും ഒരിക്കൽകൂടി പൊതുമാപ്പ് നൽകാൻ അധികൃതർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇപ്പോൾ പരിശോധന വ്യാപകമാക്കിയതെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.