ദോഹ: രാജ്യത്തെ റോഡ് ഗതാഗതം കൂടുതൽ സുരക്ഷിതമെന്ന സൂചനകളുമായി ദേശീയ ആസൂത്രണ സമിതി (എൻ.പി.സി) റിപ്പോർട്ട്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിലെ വാഹന അപകടങ്ങൾ 14 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. മരണനിരക്കിലും പരിക്കേറ്റവരുടെ എണ്ണത്തിലുമെല്ലാം കുറവുണ്ട്.
ജൂൺ മാസത്തിൽ 647 വാഹനാപകടങ്ങളാണ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ 752 അപകടങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മാറ്റം. മരണത്തിന് കാരണമാകുന്ന ഗുരുതരമായ റോഡപകടങ്ങളുടെ എണ്ണത്തിലും മുൻ മാസത്തെ അപേക്ഷിച്ച് 17.6 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂണിൽ വാഹനാപകടങ്ങളിൽ 14 പേരാണ് മരണമടഞ്ഞത്. മേയ് മാസത്തിൽ 17 പേരാണ് വിവിധ വാഹനാപകടങ്ങളിൽ മരണമടഞ്ഞത്.
അതേസമയം ഈ വർഷം ആദ്യ പകുതിയിൽ 238 വലിയ അപകടങ്ങളടക്കം 4562 വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 83 പേർക്ക് ജീവഹാനി സംഭവിച്ചു ഗതാഗത നിയമലംഘനങ്ങളുടെ കുറവിനും ജൂൺ മാസം സാക്ഷ്യം വഹിച്ചു. വാർഷികാടിസ്ഥാനത്തിൽ 9.3 ശതമാനവും പ്രതിമാസ കണക്കുകൾ പ്രകാരം 6.7 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. ഈ വർഷം ജൂണിൽ 200327 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ മേയ് മാസത്തിൽ 214,817 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.
2023 ജൂണിൽ 220,818 ഗതാഗത നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റും ബന്ധപ്പെട്ട മറ്റ് അധികാരികളും നടത്തിയ യോജിച്ച ബോധവത്കരണ പരിപാടികളും കർശന നിരീക്ഷണവും നിയമലംഘനങ്ങൾ കുറയുന്നതിൽ നിർണായകമായെന്ന് സമിതി വിലിയിരുത്തുന്നു.
നിയമലംഘനങ്ങളിൽ അമിതവേഗവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം ലംഘനങ്ങളാണ് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയത്. സുരക്ഷിതമായ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കൽ തുടങ്ങിയ ഘടകങ്ങളും റോഡ് സുരക്ഷയിലെ മികവിന് കാരണമാകുന്നു.
റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ അത്യാധുനിക നിരീക്ഷണ കാമറകളും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നിവ നിരീക്ഷിക്കാൻ പ്രത്യേക എ.ഐ കാമറകളും അധികൃതർ കവലകളിലും മറ്റിടങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ ഒന്ന് മുതൽ ഗതാഗത നിയമലംഘകർക്ക് പിഴയും കുടിശ്ശികയും അടക്കാതെ രാജ്യം വിടാൻ അനുമതി നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.