ദോഹ: നാഷനൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻററിലെ (എൻ.സി.സി.സി.ആർ) പുതിയ നവീകരണ പ്രവർത്തനങ്ങൾ പരിശോധനക്കെത്തുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കും. സെൻററിലെ ഡേ കെയർ യൂനിറ്റിലെ കിടക്കകളുടെ എണ്ണം 16ൽ നന്ന് 52 കിടക്കകളായി ഈയിടെ വർധിപ്പിച്ചിരുന്നു. അതോടൊപ്പം അടിയന്തര ചികിത്സ യൂനിറ്റിലെ കിടക്കകളുടെ എണ്ണവും ഇതോടൊപ്പം വർധിപ്പിച്ചിരുന്നു. നേരത്തേ ആറ് കിടക്കകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാലെണ്ണംകൂടി വർധിപ്പിച്ച് 10 ആക്കി ഉയർത്തിയിട്ടുമുണ്ട്. എൻ.സി.സി.സി ആറിന് പുറത്ത് 37 ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളും വിപുലീകരണാർഥം സ്ഥാപിച്ചിട്ടുണ്ട്. അർബുദ രോഗമുള്ളവർക്കും ഹെമറ്റോളജി പ്രശ്നങ്ങളാൽ രോഗികളായവർക്കും കൃത്യ സമയത്ത് ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കും.
മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ 10 അധിക കിടക്കകളും സ്ഥാപിച്ചിട്ടുണ്ട്. നാഷനൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻററിെൻറ വിപുലീകരണം രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുമെന്നും കൂടുതൽ വിശാലവും ശാന്തവുമായ അന്തരീക്ഷം രൂപപ്പെടുത്തുമെന്നും മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് സാലിം അൽ ഹസൻ പറഞ്ഞു. കീമോതെറപ്പി, റേഡിയോതെറപ്പി തുടങ്ങിയ ചികിത്സകളും രക്തസംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സകളുമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് എൻ.സി.സി.സി.ആർ. ആംബുലേറ്ററി കെയർ സെൻറർ, അൽ വക്റ ആശുപത്രി, അൽഖോർ ആശുപത്രി, വിമൻസ് വെൽനസ് റിസർച്ച് സെൻറർ എന്നിവിടങ്ങളിലാണ് എൻ.സി.സി.സി.ആറിന് പുറത്തുള്ള ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.വിപുലീകരിച്ച ഡേകെയർ സെൻററിെൻറ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി നിർവഹിച്ചിരുന്നു. കോവിഡ് -19 പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ മറ്റു ആരോഗ്യ മേഖലകളിൽ ഒരു ശ്രദ്ധക്കുറവും വരുത്തുന്നില്ല എന്നതിെൻറ ഉദാഹരണമാണിതെന്നും മന്ത്രി ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.