അന്റോണിയോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘം ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരിയുമായി ചർച്ച നടത്തുന്നു

ഖത്തർ ചേംബറും ക്യൂബൻ പ്രതിനിധികളും ചർച്ച നടത്തി

ദോഹ: ഖത്തർ ചേംബർ അധികൃതരും ക്യൂബൻ പ്രതിനിധികളും തമ്മിൽ നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ക്യൂബൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളിക് റിസോഴ്‌സസ് പ്രസിഡന്റ് അന്റോണിയോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരിയുമായാണ് ചർച്ച നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയതിനൊപ്പം, ഖത്തറിലെയും ക്യൂബയിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ പരാമർശവിധേയമായി.

ജലസ്രോതസ്സുകളുടെ മേഖലയിൽ ക്യൂബൻ സംഘം വാഗ്ദാനം ചെയ്ത വ്യാപാര അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഖത്തറും ക്യൂബയും തമ്മിലുള്ള അടുത്ത ബന്ധത്തെയും അവ വികസിപ്പിക്കാനുള്ള പൊതുവായ ആഗ്രഹത്തെയും മുഹമ്മദ് ബിൻ ത്വാർ പ്രശംസിച്ചു. ‘ലോകരാജ്യങ്ങളിലെ വ്യവസായികളും ഖത്തറിലെ വ്യവസായികളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഖത്തർ ചേംബറിന് താൽപര്യമുണ്ട്. ക്യൂബയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ഖത്തരി സ്വകാര്യ മേഖലയും ആഗ്രഹിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ തന്ത്രത്തിനും സൗഹൃദ രാജ്യങ്ങളിലെ നിക്ഷേപം വിപുലീകരിക്കുന്നതിനും അനുസൃതമായി ക്യൂബയിൽ നിക്ഷേപം നടത്താൻ ഖത്തർ ചേംബർ ഖത്തരി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്’ -മുഹമ്മദ് ബിൻ ത്വാർ ചർച്ചയിൽ വ്യക്തമാക്കി.

ക്യൂബയിൽ ലഭ്യമായ നിക്ഷേപ സാധ്യതകൾ ഖത്തറിനെ അറിയിക്കുകയും ജലമേഖലയിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യുകയാണ് പ്രതിനിധി സംഘത്തിന്റെ സന്ദർശന ലക്ഷ്യമെന്ന് അന്റോണിയോ റോഡ്രിഗസ് പറഞ്ഞു. വിവിധ മേഖലകളിൽ ധാരാളം അവസരങ്ങളുള്ള ക്യൂബയിൽ നിക്ഷേപം നടത്താൻ റോഡ്രിഗസ് ഖത്തരി നിക്ഷേപകരോട് ആവശ്യപ്പെട്ടു. 

Tags:    
News Summary - The Qatar Chamber and the Cuban representatives held discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.