മടങ്ങിയെത്തുന്നവർക്കുള്ള ക്വാറൻറീൻ ഡിസംബർ 31 വരെ നീട്ടി

ദോഹ: വിദേശ രാജ്യങ്ങളിൽനിന്ന്​ ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്ക്​ ക്വാറൻറീൻ വേണമെന്ന നിബന്ധനയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. 'ഡിസ്​കവർ ഖത്തർ' അറിയിച്ചതാണ്​ ഇക്കാര്യം.

സ്വദേശികൾ, താമസക്കാർ, വിസയിലെത്തുന്നവർ തുടങ്ങി ഖത്തറിലെത്തുന്ന എല്ലാവർക്കുമുള്ള ക്വാറൻറീൻ നിബന്ധനയാണ്​ ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഡിസ്​കവർ ഖത്തർ വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്​. നേരത്തേ ഒക്ടോബർ 31 വരെ ഖത്തറിലെത്തുന്നവർക്കായിരുന്നു ക്വാറൻറീൻ നിർദേശിച്ചിരുന്നത്. ഇതോടെ നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള ഹോട്ടൽ ബുക്കിങ്​ ഡിസ്​കവർ ഖത്തർ വെബ്സൈറ്റിൽ ആരംഭിച്ചു.

ഡിസംബറിൽ ത്രീ സ്​റ്റാർ മുതൽ ഫൈവ് സ്​റ്റാർ ഹോട്ടലുകളുൾപ്പെടെ 30ലധികം ഹോട്ടലുകളാണ് വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളത്. 1950 റിയാൽ മുതൽ 6168 റിയാൽ വരെയാണ് ഏഴ്​ ദിവസത്തേക്കുള്ള ഹോട്ടൽ നിരക്കുകൾ പ്രദർശിപ്പിച്ചിട്ടുള്ളത്. വിമാനത്താവളത്തിൽനിന്ന്​ ഹോട്ടലിലേക്കുള്ള യാത്ര, ഏഴ് ദിവസത്തെ താമസം, പ്രതിദിനം മൂന്നുനേരത്തെ ഭക്ഷണം എന്നിവയാണ് പാക്കേജിലുൾപ്പെടുന്നത്.

ഖത്തരികൾക്കും അവരുടെ കൂടെയുള്ളവർക്കും പെർമനൻറ് റെസിഡൻറ് പെർമിറ്റുള്ളവർക്കും പ്രത്യേകം വിസ അനുവദിച്ചവർക്കുമാണ് ഖത്തറിലേക്ക് പ്രവേശനത്തിന് അനുമതിയുള്ളത്.ഖത്തർ ഐഡിയുള്ളവർ ഖത്തർ പോർട്ടൽ വെബ്സൈറ്റ് വഴി പ്രത്യേക എൻട്രി പെർമിറ്റ് (എക്സപ്ഷനൽ എൻട്രി പെർമിറ്റ്) എടുത്തു വേണം ഖത്തറിലേക്ക് മടങ്ങാൻ.

കോവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഏഴുദിവസം ഹോം ക്വാറൻറീനാണ്​ വേണ്ടത്​. ഇന്ത്യക്കാരടക്കമുള്ള മറ്റുള്ളവർ സ്വന്തം ചെലവിൽ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറൻറീനിൽ പോകണം. ഡിസ്​കവർ ഖത്തർ വഴിയായിരിക്കണം ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടത്.

ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ലഭിക്കുന്നതുവരെ ഹോട്ടലുകൾ ബുക്ക് ചെയ്യരുത്​.ഖത്തറിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ പെർമിറ്റ് നൽകുന്നത് പ്രതിദിനം പരിമിതപ്പെടുത്തിയതിനാൽ പെർമിറ്റ് കിട്ടുന്നതിനും ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനും പ്രയാസം നേരിടുന്നുണ്ട്. ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ ലഭ്യമല്ലെങ്കിൽ ആ ദിവസത്തെ പരമാവധി എണ്ണം ആയിട്ടുണ്ടെന്നാണ്​ മനസ്സിലാക്കേണ്ടത്​. ഇങ്ങനെ വന്നാൽ അടുത്ത ദിവസത്തേക്ക്​ ലഭ്യത നോക്കണമെന്നും ഡിസ്​കവർ ഖത്തർ വ്യക്തമാക്കി.

ഖത്തർ പോർട്ടലിലൂടെ എൻട്രി പെർമിറ്റിന് അപേക്ഷ നൽകുക, പെർമിറ്റ് ലഭിച്ചാലുടൻ വിമാന ലഭ്യത പരിശോധിക്കുക. ക്വാറൻറീൻ പാക്കേജ് ഹോട്ടൽ ബുക്ക് ചെയ്യുക, വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക എന്നിവയാണ് ഖത്തറിലെത്തുന്നതിനുള്ള നടപടിക്രമങ്ങൾ.

വിമാനത്താവളത്തിൽ എൻട്രി പെർമിറ്റ്, ഹോട്ടൽ ക്വാറൻറീൻ വൗച്ചർ, ടിക്കറ്റ് എന്നിവ നിർബന്ധമാണ്. ഖത്തർ എയർവേസ്​ യാത്രക്കാർ നിർബന്ധമായും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് -19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റുള്ളവർക്ക്​ സ്വന്തം നാട്ടിൽ നിന്ന്​ കോവിഡ്​ പരിശോധന നിർബന്ധമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.