ദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലെത്തുന്ന ആരാധകർക്ക് താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഫ്ലോട്ടിങ് ഹോട്ടലുകളായി മാറുന്ന ഭീമൻ ക്രൂയിസ് കപ്പലുകൾ നവംബർ 10, 14 തീയതികളിലായി ദോഹ തുറമുഖത്ത് നങ്കൂരമിടും.
ക്രൂയിസ് കപ്പൽ ഹോട്ടലുകളിൽ 9000ത്തിലധികം പേർക്കുവരെ താമസസൗകര്യമൊരുക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഫുട്ബാൾ ആരാധകർക്ക് താമസിക്കാനായി രണ്ട് വലിയ ക്രൂയിസ് കപ്പലുകൾ ചാർട്ട് ചെയ്യുന്നത് സംബന്ധിച്ച് എം.എസ്.സി ക്രൂയിസസുമായി കരാറായെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഒമർ അൽ ജാബിർ പറഞ്ഞു.
ഇതിനുവേണ്ടിയുള്ള ഒരു ക്രൂയിസ് കപ്പൽ നിർമാണത്തിലാണെന്നും ഇതിന്‍റെ പ്രഥമ യാത്ര ഖത്തറിലേക്കായിരിക്കുമെന്നും നവംബർ 10ന് ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ നവംബർ 13ന് നടക്കും. രണ്ടാമത്തെ ക്രൂയിസ് കപ്പൽ നവംബർ 14ന് എത്തും -അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് കപ്പലുകളിലുമായി 4000ത്തിലധികം റൂമുകളാണുള്ളത്. ഇവയിൽ 9400 പേർക്ക് താമസസൗകര്യമൊരുക്കാനാകും.
പരമ്പരാഗത കാബിനുകൾ മുതൽ സമുദ്രത്തിലേക്ക് കാഴ്ചയുള്ള കാബിനുകൾ, ബാൽക്കണി കാബിനുകൾ, ആഡംബര സ്യൂട്ടുകൾ വരെ വൈവിധ്യമാർന്ന സജ്ജീകരണങ്ങളാണ് ക്രൂയിസ് കപ്പൽ ഫ്ലോട്ടിങ് ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും താമസം ആസ്വാദ്യകരമാക്കുന്നതിന് വൈവിധ്യമാർന്ന ഡൈനിങ് സാധ്യതകളും വിനോദ പരിപാടികളും കപ്പലുകളിലുണ്ടാകും.
ലോകകപ്പുമായി ബന്ധപ്പെട്ട ബുക്കിങ്ങുകൾക്കായി ഈ വർഷം മാർച്ചിൽ www.qatar2022.qa എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെ ആരാധകർക്ക് ലോകകപ്പ് മത്സര ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ക്രൂയിസ് കപ്പലുകൾ, ഫാൻസ് വില്ലേജ്, ഹോട്ടലുകൾ, ക്യാമ്പിങ്, മറ്റു താമസ സൗകര്യങ്ങൾ തുടങ്ങിയവയുൾപ്പെടെ എല്ലാ ബുക്കിങ്ങും ഈ സമഗ്ര വെബ്സൈറ്റിൽ ലഭ്യമാണ്.
താമസ സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എല്ലാ മേഖലകളിലും ഞങ്ങൾ തയാറായിക്കഴിഞ്ഞു. റെസിഡൻഷ്യൽ യൂനിറ്റുകളുടെ വലിയൊരു ഭാഗം ഇതിനകം പൂർത്തിയായി.
അന്തിമഘട്ട ജോലികൾ മാത്രമാണ് നടക്കുന്നത്. സമീപനാളുകളിൽത്തന്നെ അവശേഷിച്ച ജോലികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധകർക്ക് താമസസൗകര്യത്തിനായി നിരവധി ഒപ്ഷനുകൾ www.qatar2022.qa വെബ്സൈറ്റിൽ ലഭ്യമാണെന്നും താമസകേന്ദ്രങ്ങൾ പൂർത്തിയാകുന്ന മുറക്ക് അവ ആഴ്ചതോറും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
മത്സര ടിക്കറ്റുകൾ നേടിയ ആരാധകർ ഖത്തറിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതിന് കഴിയും വേഗത്തിൽ താമസസൗകര്യം ബുക്ക് ചെയ്യണമെന്ന് ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തു.
ഷെറാട്ടൺ ഹോട്ടൽ മുതൽ മിയ പാർക്കുവരെ. കാർണിവൽ ആഘോഷം, റോവിങ് പ്രകടനം, ഭക്ഷ്യ-പാനീയ ഔട്ലെറ്റുകൾ.
ഫിഫ ഫാൻ ഫെസ്റ്റിവൽ
ലൈവ് മാച്ച് പ്രദർശനം, ഫുട്ബാൾ പ്രകടനങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ, സ്പോൺസർ ആക്ടിവേഷൻസ്.
തീം പാർക്ക്, ഐസ് സ്കേറ്റിങ്, സർക്കസ്, കൺസേർട്ട്സ്, രാജ്യാന്തര റസ്റ്റാറന്‍റുകളുടെ പങ്കാളിത്തം.
6000ത്തിലേറെ കലാപ്രകടനങ്ങൾ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ, ഖത്തറിലെ 21 കേന്ദ്രങ്ങളിൽ കലാവിരുന്നുകൾ.
ഡാൻസ് ഫെസ്റ്റിവൽ, ലൈവ് ഡി.ജെ, തിയറ്ററിക്കൽ ഡെകോർ ആൻഡ് ടെക്നോ മ്യൂസിക്.
മ്യൂസിക്, വാട്ടർ സ്പോർട്സ്, ഭക്ഷ്യ വിൽപന കേന്ദ്രങ്ങൾ, റീട്ടെയിൽ സ്റ്റോർ.
തെരുവ് കലാപ്രകടനങ്ങൾ, വാഹന പരേഡ്, ലൈറ്റ് ഷോ, ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ.
മ്യൂസിക് ഫെസ്റ്റിവൽ, ലൈവ് ഡി.ജെ ആൻഡ് ആർട്ടിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.