ദോഹ: സൗദി അറേബ്യയിൽ സമാപിച്ച ജി.സി.സി ഉച്ചകോടി (സുൽത്താൻ ഖാബൂസ്-ശൈഖ് സബാഹ് ഉച്ചകോടി)യിലെ അൽ ഉലാ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിച്ച് കൊണ്ടുള്ള പ്രഖ്യാപനത്തെ പ്രശംസിക്കുന്നുവെന്നും ഖത്തറിനും സൗദിക്കും ഇടയിലുള്ള കര, നാവിക, വ്യോമ അതിർത്തിക്കൾ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ദേശീയ മനുഷ്യാവകാശ സമിതി വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. എല്ലാ നിയന്ത്രണങ്ങളും ഇതോടെ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമിതി സൂചിപ്പിച്ചു.
പ്രതിസന്ധിയെ തുടർന്നുണ്ടായ എല്ലാ നിയന്ത്രണങ്ങളുടെയും ഉത്തരവാദിത്തങ്ങൾ എല്ലാ കക്ഷികളും ഏറ്റെടുക്കണം. വ്യക്തി-സമൂഹതല അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും പ്രാധാന്യം നൽകണം.
സ്ഥിരത, സമാധാനം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് തുടങ്ങിയ ഗൾഫ് ജനതയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് ഇത് കൂടുതൽ പിന്തുണ നൽകുമെന്നും സമിതി വ്യക്തമാക്കി.
ഗൾഫ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംഭവിച്ചത് ആവർത്തിക്കാതിരിക്കാനും ജി.സി.സി രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.