ദോഹ: ഉപരോധരാജ്യങ്ങൾ അടച്ച കരജലവ്യോമ അതിർത്തികൾ ഖത്തറിനായി തുറന്നുകിട്ടുന്നത് കാണാൻ ആകാംക്ഷയോടെ അമേരിക്കൻ സർക്കാർ കാത്തിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. വാഷിങ്ടണിൽ നടന്ന മൂന്നാമത് ഖത്തർ അമേരിക്ക തന്ത്രപ്രധാനമായ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരായ ഉപരോധവും ഗൾഫ് പ്രതിസന്ധിയും പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രശ്നത്തിന് പരിഹാരം കാണാനുള്ള സമയം ഏറെ ൈവകിയിട്ടുണ്ട്. ഗൾഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി അമേരിക്ക വീക്ഷിക്കുകയാണ്. ദോഹയിൽ നടക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ നിലപാടിനെ മൈക്ക് പോംപിയോ പ്രശംസിച്ചു. മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഖത്തർ ഇടപെടുന്നുണ്ട്. ഗസ്സയെ സഹായിക്കുന്ന ഖത്തർ മഹത്തായ കാര്യമാണ് ചെയ്യുന്നത്. സിറിയയിലെലും ലബനാനിലെയും പ്രശ്നങ്ങളുടെ തീവ്രത കുറക്കാൻ ഖത്തർ എന്നും ശ്രമിക്കുന്നുണ്ട്.
ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പരിപാടിയിൽ സംസാരിച്ചു. ഖത്തറിെൻറ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെ പിന്തുണക്കുന്ന അമേരിക്കയെ ഖത്തർ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു. സമാധാനം, സ്ഥിരത, വികസനം തുടങ്ങിയവ പ്രതിഫലിക്കുന്ന ദേശീയ വീക്ഷണത്തിനനുസരിച്ചാണ് ഖത്തറിെൻറ വിദേശനയം തുടരുന്നത്. ഇതിനാലാണ് ഉപരോധത്തിന് മുന്നിൽ ഖത്തർ നിസ്സഹായരായി നിൽക്കാതിരുന്നത്. ഉപരോധത്തിനു ശേഷം രാജ്യം കൂടുതൽ ശക്തിയാർജിച്ചു. എല്ലാ മേഖലയിലും സ്വയംപര്യാപ്തത ൈകവരിച്ചതായും ആഗോള സമൂഹവുമായി ബന്ധം കൂടുതൽ വികസിപ്പിച്ചതായും വിദേശകാര്യമന്ത്രി പറഞ്ഞു.
മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്റ്റിെൻറ കാര്യങ്ങൾക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെൻകർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഉപരോധത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവെപ്പുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നും ഡേവിഡ് ഷെൻകർ പറഞ്ഞിരുന്നു.
2017 ജൂണിൽ ആണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. 13 ഇന ആവശ്യങ്ങൾ ഖത്തർ അംഗീകരിക്കണമെന്നതായിരുന്നു നിബന്ധന. തുടക്കം മുതൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാരശ്രമങ്ങൾ നടന്നുവരുന്നുണ്ട്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ അവസാനം നടന്ന ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) 40ാമത് സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധി അയഞ്ഞതിെൻറ നല്ല സൂചനകളുണ്ടായിരുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അന്നത്തെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയെ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചിരുന്നു. ഉപരോധകാലത്ത് നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശം കൂടി വന്നതോടെ ഖത്തർ ഉപരോധം പരിഹരിക്കപ്പെടുമോ എന്ന ചർച്ചക്കും ആക്കംകൂടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.