ദോഹ: കോഴിക്കോട് എയർപോർട്ടിലേക്ക് വരുന്നതും പോകുന്നതുമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് യന്ത്രത്തകരാർ സംഭവിക്കുന്നതും മറ്റ് എയർപോർട്ടുകളിൽ അടിയന്തര ലാൻഡിങ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്ന സംഭവങ്ങൾ പതിവാണെന്ന് ആരോപണം.
കോഴിക്കോട് വിമാനത്താവളത്തിനുനേരെയുള്ള അധികൃതരുടെ നിഷേധനിലപാടുകൾക്ക് ഉദാഹരണമാണ് ഇതെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ രണ്ടു തവണയാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ യന്ത്രത്തകരാർ ഉണ്ടാവുന്നതും അടിയന്തരമായി ഇറക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുന്നതും.
ഏപ്രിൽ 11ന് രാവിലെ റിയാദിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ മൂലം കൊച്ചി വിമാനത്താവളത്തിൽ ഇറക്കി. കോഴിക്കോട്ടുനിന്നു കുവൈത്തിലേക്ക് ഏപ്രിൽ ഒമ്പതിന് പുറപ്പെട്ട വിമാനം ഫയർഅലാം വന്നതുകൊണ്ട് അടിയന്തരമായി ഇറക്കി. കഴിഞ്ഞ മാസം ഷാർജയിൽനിന്നു കോഴിക്കേട്ടേക്ക് 104 പേരുമായി പുറപ്പെട്ട വിമാനം ഹൈഡ്രോളിക് തകരാർ മൂലം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കേണ്ടിവന്നു. അതേ മാസംതന്നെ ദോഹയിൽനിന്നു വിജയവാഡയിലേക്ക് 64 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയുണ്ടായി.
കോഴിക്കോട് വിമാത്താവളത്തിൽ 2020 ആഗസ്റ്റ് മാസത്തിലുണ്ടായ ദാരുണ അപകടത്തിെൻറ പ്രാഥമിക റിപ്പോർട്ടുപോലും നാളിതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. സാധാരണ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിെൻറ ഇത്തരം അപകടങ്ങൾ ഭീതിപരത്തുന്നതാണ്. ഈ വിഷയത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അതോറിറ്റി, സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം അപകടസാധ്യതകൾ അടിയന്തരമായി ഒഴിവാക്കണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) ബന്ധപ്പെട്ട അധികാരികൾ, ജനപ്രതിനിധികൾ എന്നിവരോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.