മതത്തിന്‍റെ പേരിൽ ഇന്ത്യയിൽ വിവേചനമില്ല -ഉപരാഷ്ട്രപതി

ദോഹ: ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇന്ത്യയിൽ ഒരു തരത്തിലുമുള്ള വിവേചനവു​മി​ല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഖത്തർ സന്ദർശനത്തിന്‍റെ ഭാഗമായി ദോഹ ഷെറാട്ടണിൽ ഇന്ത്യൻ പ്രവാസ സമൂഹം ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. 'നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം. ഭാഷകൾക്കും മതത്തിനും ജാതിക്കും ദേശങ്ങൾക്കും അതീതമായി എല്ലാ ഇന്ത്യക്കാരും ഒന്നാണ്​. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. ആരുടെയും മതത്തിൽ ഇടപെടുന്നില്ല. ക്രിസ്തു, മുസ്‌ലിം തുടങ്ങി ഏതു മതവിഭാഗത്തിലുള്ളവര്‍ക്കും ഇന്ത്യയില്‍ ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ കഴിയും. ദേശീയ, മേഖലാ തലത്തില്‍ ബഹുവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുമുണ്ട്. എന്നാല്‍ എല്ലാവരും ഒന്നാണെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യയെന്നും അഭിമാനത്തോടെ തന്നെ പറയാന്‍ കഴിയും' -ഉപരാഷ്ട്രപതി പറഞ്ഞു.

അതേസമയം, രാജ്യത്തിന്‍റെ ചിലഭാഗങ്ങളിൽ ഒറ്റപ്പെട്ട അസ്വാരസ്യങ്ങളുണ്ട്​. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്​ -ഉപരാഷ്ട്രപതി വ്യക്​തമാക്കി. ഉപരാഷ്ട്രപതി പദത്തിലേറിയ ശേഷം ഖത്തറിലേക്ക്​ നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായാണ് ആയിരത്തോളം പേർ പ​ങ്കെടുത്ത സ്വീകരണ ചടങ്ങ്​ ഒരുക്കിയത്​.

മൂന്നു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിലേക്ക്​ മടങ്ങി. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ്​ അൽ മുറൈഖിയും, അംബാസഡർ ഡോ. ദീപക്​ മിത്തലും ഉപരാഷ്ട്രപതിയെ യാത്ര അയക്കാനായി എത്തിയിരുന്നു.

കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോഡി, വിജയ് പാല്‍ സിങ് ടമര്‍, ലോകസഭാംഗം പി.രവീന്ദ്രനാഥ്, എന്നിവർക്കു പുറമെ വ്യാപാര-വ്യവവാസ സംഘങ്ങളുടെ കൂടി അകമ്പടിയോടെയാണ്​ ഉപരാഷ്ട്രപതി ദോഹയിലെത്തിയത്​.

Tags:    
News Summary - There is no discrimination in India on the basis of religion - Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.