ദോഹ: വെടിയൊച്ചകളും ബോംബിങ്ങിന്‍റെ ശബ്ദങ്ങളും സൈന്യത്തിന്‍റെ റോന്തുചുറ്റലുമായി യുദ്ധ ഭീകരതയുടെ ഭയപ്പാടുകൾ അറിഞ്ഞ ബങ്കറിലെ നാലു ദിവസജീവിതം. പിന്നെ, ഇന്ത്യൻ എംബസിയിൽനിന്നുള്ള നിർദേശമനുസരിച്ച്, അതിർത്തി ലക്ഷ്യമിട്ടുള്ള ഒന്നര ദിവസത്തിലേറെ നീണ്ട ദുരിത യാത്ര. പ്രാണനും കൈയിൽപിടിച്ച്, മരണത്തെ മുന്നിൽകണ്ട ഒരാഴ്ചക്കു ശേഷം, റുമേനിയയിലെ തദ്ദേശീയരുടെ കരുതലിൽ അഭയം പ്രാപിച്ചതിന്‍റെ ആശ്വാസത്തിലാണ് റുമാന ഫിദ.
യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഖത്തറിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികളിൽ ഒരാളാണ് കിയവിലെ ബോഗോമോളെറ്റ്സ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ റുമാന.
ഭയാനകമായ ദിനങ്ങൾക്കൊടുവിൽ അതിർത്തിയും കടന്ന് റുമേനിയൻ തലസ്ഥാനമായ ബുക്കറസ്റ്റിലെത്തിയ റുമാനയും കൂട്ടുകാരും തദ്ദേശ വാസികൾ നൽകിയ കരുതലിലാണിപ്പോൾ. സ്വന്തം വീടുകളുടെ ഒരു ഭാഗം അഭയം തേടിയെത്തിവർക്ക് വിട്ടുനൽകി, ഭക്ഷണവും വെള്ളവും മികച്ച താമസ സൗകര്യവും ഒരുക്കിയ റുമേനിയക്കാരുടെ ആതിഥ്യമര്യാദക്ക് മുന്നിൽ കഴിഞ്ഞുപോയ ദുരിതമെല്ലാം ഒരു സ്വപ്നംപോലെ അവർ മറക്കാൻ ശ്രമിക്കുന്നു. റുമേനിയയിലെ ഇന്ത്യൻഎംബസിയുടെ കീഴിൽ നാട്ടിലേക്കുള്ള മടക്കയാത്രയും കാത്തിരിക്കുകയാണ് ഇവർ.
'24ന് പുലർച്ചെ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ബങ്കറിൽ അഭയം തേടിയതാണ്.
പരിമിതായ ലഘുഭക്ഷണങ്ങളുമായി ഭയപ്പാടിനിടയിലും പതറാതെ പിടിച്ചു നിന്നത് നാലു ദിവസം. കർഫ്യൂ കഴിഞ്ഞ് 28ന് രാവിലെയാണ് കിയവ് വിടാൻ നിർദേശം ലഭിക്കുന്നത്. രാവിലെ 10ന് തന്നെ ബങ്കർ വിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് സ്റ്റേഷനിലെത്തിയത്.
പക്ഷേ, ട്രെയിൻ ലഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. രാജ്യം വിടാൻ ശ്രമിക്കുന്ന യുക്രേനിയൻ പൗരന്മാർക്കായിരുന്നു ട്രെയിനിൽ കയറാൻ ആദ്യം പരിഗണന നൽകിയത്.
മണിക്കൂർ കാത്തിരുന്ന് ട്രെയിൻ വരുമ്പോൾ ഇന്ത്യൻ വിദ്യാർഥികളെ ഒഴിവാക്കി യുക്രെയ്ൻകാരെ അകത്തു കയറ്റി.
ട്രെയിനുകൾ ലഭ്യമാവാതായപ്പോൾ ലക്ഷ്യ സ്ഥാനം പലതവണ മാറ്റി. ലിവിവിലേക്കും ഇവനോയിലേക്കും പോവാൻ തീരുമാനിച്ച ഞങ്ങൾ കിട്ടിയ ട്രെയ്നിൽ കയറി റാഖിവിലേക്ക് യാത്ര തുടങ്ങി. 16 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് 20 പേരുടെ സംഘം റാഖിവിലെത്തുന്നത്. അവിടെയെത്തിയ ശേഷം ട്രാവലർ പിടിച്ച് റുമാനിയൻ അതിർത്തിയിലെത്തി-റുമാന പറയുന്നു.
ഭാഗ്യമെന്നോണം അവിടെ നീണ്ട കാത്തിരിപ്പൊന്നുമില്ലാതെ തന്നെ അതിർത്തി കടന്നു. പോളണ്ട് അതിർത്തിയിലെ ദുരിതവാർത്തകളെല്ലാം കേട്ട ഭയത്തിലായിരുന്നു.
എന്നാൽ, റുമാനിയൻ അതിർത്തി കടന്നപ്പോൾ എല്ലാം സുഖകരമായി. ഭക്ഷണവും രജിസ്ട്രേഷനും, സിം നമ്പർ നൽകാനുമായി വളണ്ടിയർമാരുണ്ടായിരുന്നു.
രാത്രി അവിടെ തങ്ങിയ ശേഷം, വ്യാഴാഴ്ച വൈകുന്നേരത്തോടെ ബുകാറസ്തിലേക്ക് യാത്ര തുടങ്ങി. 14 മണിക്കൂറോളം നീണ്ട യാത്രക്കൊടുവിലായിരുന്നു തദ്ദേശീയരുടെ വീട്ടിലെത്തിയത്. അവരുടെ സ്വീകരണവും സഹായവും അനുഭവിക്കുമ്പോൾ ഏറെ സന്തോഷം. ഇനി വിമാനത്തിന്‍റെ ലഭ്യതയനുസരിച്ച് വൈകാതെ തന്നെ നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ്. ദൈവത്തിന് ഏറെ നന്ദി.
സുഹൃത്തുക്കളുടെയും മറ്റുമായി പലരുടെയും ദുരിതവാർത്തകൾ യുക്രെയ്നിൽ നിന്ന് കേൾക്കുമ്പോൾ ഞങ്ങൾ ഏറെ സുഖകരമായി തന്നെ ഇവിടംവരെ എത്തി' -കഴിഞ്ഞ നാളുകളിലെ ജീവിതം റുമാന വിവരിക്കുന്നു.
ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ റുമാന ഫിദ കഴിഞ്ഞ ഡിസംബറിലാണ് മെഡിക്കൽ പഠനത്തിനായി യുക്രെയ്നിലെത്തിയത്.
ക്ലാസുകൾ സജീവമായതിന് പിന്നാലെയായായിരുന്നു രാജ്യം യുദ്ധത്തിന്‍റെ കെടുതിയിലെത്തിയത്.
കർണാടകയിലെ കൂർഗ് സ്വദേശിയും ഖത്തറിൽ ബിസിനസുകാരനുമായ അബൂട്ടിയാണ് പിതാവ്. മകൾ സുരക്ഷിതമായി അതിർത്തി കടന്നതിന്‍റെ ആശ്വാസത്തിലാണ് അബൂട്ടിയും ദോഹയിൽ തന്നെയുള്ള മാതാവും സഹോദരനും അടങ്ങുന്ന കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.