ദോഹ: ചരിത്രത്തിലെ മികച്ച ഏഷ്യൻ കപ്പിനായിരിക്കും ഖത്തർ വേദിയാവുകയെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്റാഹിം അൽ ഖലീഫ. ഏതാനും വർഷങ്ങൾക്കുള്ളിൽ, ലോകത്തിലെ മികച്ച ഫുട്ബാൾ ആതിഥേയ രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയിരിക്കുന്നുവെന്നും കതാറ ഒപേറ ഹൗസിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ ഔദ്യോഗിക നറുക്കെടുപ്പ് ചടങ്ങിൽ ശൈഖ് സൽമാൻ പറഞ്ഞു.
കതാറയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 ഖത്തർ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (എൽ.ഒ.സി) ചെയർമാനും ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രസിഡന്റുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലകർ, പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ പങ്കെടുത്തു.
1988ലും 2011ലും ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച ഖത്തർ, അടുത്ത വർഷംകൂടി വേദിയാകുന്നതോടെ മൂന്ന് തവണ ഏഷ്യൻ കപ്പിന് ആതിഥേയരാകുന്ന ആദ്യ രാജ്യമാകും. 2011ലാണ് ഖത്തർ അവസാനമായി ഏഷ്യൻ കപ്പിന് ആതിഥേയരായത്.
ടൂർണമെന്റ് തയാറെടുപ്പിന് സമയം കുറവാണെങ്കിലും ഖത്തർ അവിസ്മരണീയമായ ഒരു ടൂർണമെന്റാക്കി അവതരിപ്പിക്കുമെന്ന് എ.എഫ്.സിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏഷ്യയിലെ അഭിമാനകരമായ ടൂർണമെന്റിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ അധ്യായത്തിനാണ് ഇപ്പോൾ അരങ്ങൊരുങ്ങിയിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.