ദോഹ: സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഹൃദയത്തോട് ചേർത്തുവെച്ച മണ്ണിെൻറ ആഘോഷത്തിനൊപ്പമാണ് ഇന്ന് ഖത്തറിലെ ഓരോ മനുഷ്യനും. വീട്ടിലും വാഹനത്തിലും തെരുവിലുമെല്ലാം അങ്കലാരമൊരുക്കിയ ദേശീയ പതാകയുടെ മറൂൺ, തൂവെള്ള നിറത്തിനൊപ്പം ഓരോ പ്രവാസിയുടെയും അഭിമാനമുയരുന്ന ദിനം. കോവിഡ് കാലം കടന്നുപോയി, ആരവങ്ങൾക്കൊപ്പം രാജ്യം പതിവ് താളത്തിലേക്ക് തിരികെയെത്തിയതിെൻറ ആഘോഷം കൂടിയായാണ് ദേശീയദിനത്തിെൻറ കടന്നുവരവ്. ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ അടിമുടി ഒരുങ്ങിക്കഴിഞ്ഞ ഖത്തറിന് ദേശീയദിനാഘോഷത്തിൽ ഫുട്ബാളാണ് സർവം.
സ്വദേശികളും വിദേശികളുമായവർക്കൊപ്പം, അറബ് കപ്പിെൻറ ഭാഗമായെത്തിയ കാണികൾക്കുകൂടി ഗംഭീര വിരുന്നൊരുക്കിയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ ആസ്പയറിലെ വെടിക്കെട്ടോടെ നാടാകെ ആഘോഷ ലഹരിയിലായി. 10 മിനിറ്റ് നീണ്ട വെടിക്കെട്ടിന് സാക്ഷിയാവാൻ ആയിരങ്ങളാണ് പല കോണിലുമായെത്തിയത്.
ദേശീയദിനത്തിലെ ഏറ്റവും ആകർഷകമായ പരേഡ് രാവിലെ ഒമ്പതിന് കോർണിഷിൽ ആരംഭിക്കും. പ്രത്യേക ക്ഷണമുള്ളവർക്ക് മാത്രമാണ് സന്ദർശക ഗാലറിയിലേക്ക് പ്രവേശനം. അനുമതി ലഭിച്ചവർ നേരത്തേ എത്തണം. രാവിലെ 7.30ന് ശേഷം പ്രവേശനം അനുവദിക്കില്ല. ഗാലറിയുടെ ഇരുവശങ്ങളിലുമായി 9000ൽ ഏറെ പേർക്കാണ് ഇരിപ്പിടമൊരുക്കിയത്.കോർണിഷിലെ ആഘോഷ പരിപാടികളുടെ ഭാഗമായി ഇത്തവണ കാലാൾപ്പടയുടെ പരേഡ് മാത്രമായിരിക്കും. സൈനിക വാഹനങ്ങളുടെ പ്രദർശനമുണ്ടാകില്ല. ഹമദ് സ്ട്രീറ്റ് മുതൽ ബർസാൻ ടവർ വരെ സുരക്ഷ ക്രമീകരണമൊരുക്കും. സെൻട്രൽ ബാങ്ക് സിഗ്നൽ മുതൽ ഹമദ് സ്ട്രീറ്റ് സിഗ്നൽ വരെയുള്ള ഭാഗത്ത് റോഡുകൾ അടച്ചിടും. പൊതുജനങ്ങൾക്ക് കടലിെൻറ ഭാഗത്തേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രിയിൽ, ഫിഫ അറബ് കപ്പ് ഫൈനൽ മത്സരം അവസാനിച്ചതിനു പിന്നാലെയാവും ആകർഷകമായ വെടിക്കെട്ടിന് കോർണിഷ് സാക്ഷിയാവുന്നത്. വിസ്മയകരമായ പരിപാടികളാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയിരിക്കുന്നതെന്ന് മിലിട്ടറി പെർഫോമൻസ് കമാൻഡർ മേജർ ജനറൽ സലിം ബിൻ ഫഹദ് അൽ അഹ്ബാബി കഴിഞ്ഞദിവസം അറിയിച്ചു. കാഴ്ചക്കാരെ കാത്തിരിക്കുന്നത് മറ്റൊരിക്കലും ദൃശ്യമാവാത്ത അത്ഭുതങ്ങളായിരിക്കും. ഏറെ പുതുമയുള്ള വിഭവങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. ലോകത്ത് ഒരിടത്തും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത കാലാൾപടയുടെ പ്രകടനമാണ് ഒരുക്കുന്നത്. വിശദാംശങ്ങളൊന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല -ഖത്തർ അമീരി ഫോഴ്സിെൻറ സൈനിക പ്രകടന-മ്യൂസിക്സിെൻറ കമാൻഡറായ മേജർ ജനറൽ സലിം ബിൻ ഫഹദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.